ലക്നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. പീഡനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പെൺകുട്ടിയുടെ ആത്മഹത്യ. കേസ് അന്വേഷിക്കുന്നതിലെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് ഭരണകൂടം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനെ (എസ്എച്ച്ഒ) നീക്കം ചെയ്യുകയും കൃത്യവിലോപം ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചതിന് കുട്ടിയുടെ അമ്മായിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 16 ന് സ്കൂളിലേക്ക് പോകുംവഴിയാണ് പെൺകുട്ടിയെ രണ്ടുപേർ തട്ടിക്കൊണ്ടു പോയത്. രണ്ടു ദിവസത്തിനുശേഷം പെൺകുട്ടി അക്രമികളുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി. ലക്നൗവിലെ ഹോട്ടലിൽ വച്ച് തന്നെ രണ്ടുപേർ പീഡിപ്പിച്ചതായും പെൺകുട്ടി കുടുംബാംഗങ്ങളോട് പറഞ്ഞു. ഈ രണ്ടുപേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
”അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ അമ്മായിയാണ്. 35 വയസ്സുള്ള മറ്റൊരാൾ പെൺകുട്ടിയെയും കുടുംബത്തെയും നന്നായി അറിയുന്നയാളാണ്. രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകാൻ സഹായിച്ചത് പെൺകുട്ടിയുടെ അമ്മായിയാണ്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ഞങ്ങൾ കൂടുതൽ വിവരങ്ങൾ അറിയിക്കും,” ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (അയോധ്യ റേഞ്ച്) അമ്രേന്ദ്ര പി.ഡി.സിങ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ ഭരണകൂടവും പൊലീസും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബത്തിലെ ഒരാൾ ആരോപിച്ചു. കേസ് ഗൗരവമായി എടുത്തില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. തന്നെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, താൻ മരിക്കുമെന്നും അവൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.