N D Tiwari Dies: ലക്‌നൗ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന എൻ.ഡി.തിവാരി (92) നിര്യാതനായി. തലച്ചോറിലുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സാകേത് മാക്സ് ആശുപത്രിയിൽ സെപ്റ്റംബർ 20ന് പ്രവേശിപ്പിച്ചിരുന്നു.

1963 ലാണ് തിവാരി കോൺഗ്രസിൽ ചേർന്നത്. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദവി വഹിച്ച ഏക രാഷ്ട്രീയ നേതാവാണ് തിവാരി. ഉത്തർ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. 1976 ലാണ് തിവാരി യുപി മുഖ്യമന്ത്രിയാകുന്നത്. ഗാന്ധി കുടുംബവുമായുളള അടുപ്പമാണ് അദ്ദേഹത്തെ വീർ ബഹാദൂർ സിങ്ങിനെ മറികടന്ന് യുപി മുഖ്യമന്ത്രിയാകുന്നതിന് സഹായകമായത്.

1984 ൽ അദ്ദേഹം രണ്ടാം തവണ യുപി മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുപിയിൽ ​കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. എന്നാൽ അധികാരത്തിലെത്തി ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ രാജീവ് ഗാന്ധി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി.

1988 ലാണ് തിവാരി വീണ്ടും യുപിയിൽ അധികാരത്തിലെത്തിയത്. 1989 ൽ കോൺഗ്രസ് കനത്ത തോൽവി നേരിട്ടു. തിവാരി മൂന്ന് തവണ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് വന്നുവെങ്കിലും എല്ലാ തവണയും വളരെ ചുരുങ്ങിയ കാലയളവിനുളളിൽ അദ്ദേഹത്തിന് ആ സ്ഥാനത്ത് നിന്നും മാറേണ്ടി വന്നിരുന്നു.

1980 ൽ ലോക്‌സഭയിലേയ്ക്കും 1985 ൽ രാജ്യസഭയിലേയ്ക്കും തിവാരി തിരഞ്ഞെടുപ്പക്കപ്പെട്ടു. 1986-87 കാലയളവിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. 2002 ൽ​ തിവാരി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി. നാലാം തവണത്തെ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം അഞ്ച് വർഷം കാലാവധി തികച്ചു. മാത്രമല്ല, ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ​ കാലാവധി തികച്ച മുഖ്യമന്ത്രിയുമായി.

തിവാരി 2007 മുതൽ 2009 വരെയുളള കാലയളവിൽ ആന്ധ്രാപ്രദേശിലെ ഗവർണറായി. എന്നാൽ സ്ത്രീകളുമായി ബന്ധം ആരോപിച്ച് പുറത്തുവന്ന ഒരു സ്റ്റിങ് ഓപ്പറേഷനെ തുടർന്ന് അദ്ദേഹം രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

തിവാരിയാണ് തന്റെ പിതാവെന്ന് കാണിച്ച് അഭിഭാഷകനായ രോഹിത് ശേഖർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു ഈ​ അവകാശവാദം. തന്റെ മാതാവ് ഉജ്വലയുമായി തിവാരിയുടെ നിയമാനുസൃതമല്ലാത്ത ബന്ധത്തിലെ കുട്ടിയാണ് താൻ എന്നായിരുന്നു രോഹിത് ശേഖറിന്റെ വാദം. തിവാരി ഈ അവകാശവാദം തളളിക്കളഞ്ഞു. ഡിഎൻഎ ടെസ്റ്റിനെയും എതിർത്തു. പിന്നീട് ഹൈക്കോടതി ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ടു. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ​ തിവാരിയുടെ മകനാണ് രോഹിത് എന്ന് തെളിഞ്ഞു. 2014 ൽ ഡൽഹി ഹൈക്കോടതി ഈ വിഷയത്തിൽ ഇത് വ്യക്തമാക്കി ഉത്തരവും നൽകി.

കഴിഞ്ഞവർഷം ജനുവരിയിൽ​ തിവാരിയും രോഹിതും ബിജെപിയിൽ ചേർന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ