ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധി (94) വിടപറയുമ്പോൾ തമിഴ് രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് അസ്തമിക്കുന്നത്. ചെന്നൈയിലെ കാവേരി ആശുപത്രിയിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരം 6.10 ഓടെയാണ് നിര്യാതനായത്. കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം  ആരോഗ്യനില മോശമാകുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ജൂലൈ 18ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റി, ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന്   വൈകുന്നേരം 6.10 ഓടെയാണ് അന്ത്യം സംഭവിച്ചത്.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയും പതിമൂന്ന് തവണ എംഎൽഎയുമായിരുന്നു. നിലവിൽ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിന്‍റെ നിയമസഭാ പ്രതിനിധിയാണ് കരുണാനിധി. ഡിഎംകെ പ്രസിഡന്റ് ആയി അമ്പത് വർഷം തികച്ച കരുണാനിധി, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു പാർട്ടിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ്.

1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുക്കുവലൈയില്‍ മുത്തുവേൽ അഞ്ചുഗം എന്നിവരുടെ മകനായി ജനിച്ചു. ദക്ഷിണാമൂർത്തി എന്നായിരുന്നു കരുണാനിധിക്ക് രക്ഷിതാക്കൾ നൽകിയ പേര്. കുഞ്ഞുനാള്‍ മുതലേ എഴുത്തിലും നാടകത്തിലും തത്പരനായിരുന്ന അദ്ദേഹം പതിനാല് വയസ്സ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ജസ്റ്റിസ്‌ പാര്‍ട്ടിയിലെ അളഗിരി സ്വാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് കരുണാനിധി രാഷ്ട്രീയത്തില്‍ ആദ്യ ചുവടു വയ്ക്കുന്നത്.

ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം തമിഴില്‍ ‘മാനവര്‍ നേസം’ എന്നൊരു കൈയെഴുത്ത് പത്രം ആരംഭിച്ചു. പിന്നീട് ദ്രാവിഡ രാഷ്ട്രീയത്തിലെ ആദ്യ വിദ്യാർത്ഥി മൂവ്മെന്‍റ് ആയ ‘തമിഴ്നാട് തമിഴ് മാനവര്‍ മൺട്ര’ത്തിന് തുടക്കമിട്ടു. ഇന്ന് ദ്രാവിഡ മുന്നേട്ര കഴക’ത്തിന്‍റെ മുഖപത്രമായ ‘മുരശൊലി’ പിറന്നതും കരുണാനിധിയുടെ ആദ്യകാല പ്രവര്‍ത്തങ്ങളില്‍ നിന്നാണ്.

1953ലെ കല്ലക്കുടി സമരത്തിലൂടെയാണ് കരുണാനിധി സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തുന്നത്‌. കല്ലക്കുടി എന്ന് പേരുള്ള നാടിനെ ദാല്‍മിയാപുരം എന്ന് പേര് മാറ്റാന്‍ ശ്രമിച്ച വ്യവസായ ശക്തികളെ എതിര്‍ത്ത് പോരാടിയ അദ്ദേഹം അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ട്രെയിനുകള്‍ തടഞ്ഞ് കൊണ്ട് ഡിഎംകെ നടത്തിയ സമരത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

1957ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ് കരുണാനിധി ആദ്യമായി തമിഴ്നാട് നിയമസഭയില്‍ എത്തുന്നത്‌. 1961ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം അടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967ല്‍ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ പൊതുകാര്യ മന്ത്രിയായ കരുണാനിധി, 1969ല്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായി. തമിഴ് നിയമസഭയിലേക്ക് 13 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 മുതൽ 2016 വരെ വിവിധ മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേയ്ക്ക് എത്തിയിട്ടുണ്ട്. 1984 ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും കരുണാനിധി മത്സരിച്ചു. കുളിതലൈ, തഞ്ചാവൂർ, സെയ്ദാപ്പേട്ട്, അണ്ണാനഗർ, ഹാർബർ, ചെപ്പോക്ക്, തിരുവാരൂർ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.

തന്റെ പതിനാലാം വയസ്സിൽ ജസ്റ്റിസ് പാർട്ടിയിലെ അളഗർ സ്വാമിയുടെ സ്വാധീനത്തിൽ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവച്ച കരുണാനിധി എട്ട് ദശാബ്ദത്തോളം തമിഴ്നാട് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടിയിലും അധികാരത്തിലുമായി പല പദവികളും അദ്ദേഹം കൈയ്യാളിയിട്ടുണ്ട്.

കരുണാനിധിയുടെ തോല്‍വികള്‍ പലതും ഒരു കാലത്ത് അടുത്ത സുഹൃത്തായിരുന്ന എംജിആറിനോടായിരുന്നു. 1987ല്‍ മരിക്കുന്നത് വരെ തമിഴ് മക്കളുടെ മനസ്സില്‍ സൂര്യനായി വിളങ്ങിയ എംജിആറിന്‍റെ പ്രഭയില്‍ മങ്ങിത്തന്നെയിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം.

1977 ൽ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ കരുണാനിധി സർക്കാരിനെ പിരിച്ചുവിട്ടു. അതിന് ശേഷം നീണ്ട 12 വർഷത്തിന് ശേഷം 1989ലാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ആ ഭരണവും അധിക കാലം നീണ്ടില്ല. വീണ്ടും കേന്ദ്ര സർക്കാരിന്റെ പിരിച്ചുവിടലിന് അദ്ദേഹത്തിന്റെ മന്ത്രിസഭ ഇരയായി. 1991 ലായിരുന്നു രണ്ടാമത്തെ പിരിച്ചുവിടൽ. പിന്നീട് 1996ൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. ഇത്തവണ അഞ്ചു വര്‍ഷം തികച്ചു ഭരിച്ചെങ്കിലും 2001ലെ നിയമാസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഎഡിഎംകെയോട് പരാജയം ഏറ്റുവാങ്ങി. 2006ല്‍ അവരെ തോല്‍പ്പിച്ച് സഖ്യ കക്ഷികളുമായി ചേര്‍ന്ന് കരുണാനിധി വീണ്ടും അധികാരത്തിലെത്തി.

വാമൊഴിയും വരമൊഴിയും കൊണ്ട് ഇതുപോലെ ഒരു ജനതയെ കൈയ്യിലെടുത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ എഴുത്തുകാരനോ തമിഴ്നാട്ടില്‍ വേറെയില്ല എന്ന് തന്നെ പറയാം.

കത്തുകള്‍, കവിതകള്‍, തിരക്കഥകള്‍, ചരിത്രാഖ്യാനങ്ങള്‍, നാടകങ്ങള്‍, സംഭാഷണങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തില്‍ അദ്ദേഹം കൈവയ്ക്കാത്ത വിഭാഗങ്ങള്‍ ഒന്നും തന്നെയില്ല. മികച്ച പ്രാസംഗികനും കൂടിയായ കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാനായി മാത്രം മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നുവത്രേ.

‘സംഗ തമിഴ്’, ‘തിരുക്കുരൾ ഉരൈ’, ‘പോന്നാര്‍ ശങ്കര്‍’, ‘റോമപുരി പാണ്ട്യന്‍’, ‘തെന്‍പാണ്ടി സിംഗം’, ‘വെള്ളിക്കിഴമൈ’, ‘നെഞ്ചുക്ക് നീതി’, ‘ഇനിയവൈ ഇരുപതു കുരലോവിയം’ എന്നിവ ഉൾപ്പടെ നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മണിമകുടം’, ‘ഒരേ രത്തം’, ‘പളനിയപ്പന്‍’, ‘തൂക്കു മേദൈ’, ‘കാഗിതപ്പൂ’, ‘നാനേ അറിവാളി’, ‘ഉദയസൂരിയന്‍’, സിലപ്പതികാരം’ എന്നിവ അദ്ദേഹം രചിച്ച നാടകങ്ങളാണ്.

ഭാര്യമാർ:പദ്മാവതി, ദയാലു അമ്മാള്‍, രാജാത്തി. മക്കൾ: മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരസ്, സെല്‍വി, കനിമൊഴി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ