കൊച്ചി: 2012 തുടക്കം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. എന്നാല്‍ ആര്‍ബിഐയുടെ ജനപ്രിയനായ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ഇന്നും ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. താന്‍ എന്ത് കൊണ്ടാണ് ട്വിറ്ററില്‍ ചേരാത്തതെന്ന സംശയത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഉച്ചകോടിക്ക് കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇതിന് വിശദീകരണം നല്‍കിയത്.

‘എനിക്ക് സമയം കിട്ടാറില്ല എന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങളില്‍ ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നെങ്കില്‍ സ്ഥിരമായ ഒരു സാന്നിധ്യമാവണം, എന്നാല്‍ പെട്ടെന്ന് ചിന്തിച്ച് 20-30 സെക്കന്റുകള്‍ക്കുളളില്‍ 140 അക്ഷരങ്ങളിലൊതുങ്ങുന്ന ട്വീറ്റ് ചെയ്യാനുളള കഴിവും എനിക്കില്ല’, രഘുറാം രാജന്‍ പറഞ്ഞു. ആര്‍ബിഐ ഗവര്‍ണറായി വിരമിച്ച അദ്ദേഹം നിലവില്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ ബുത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ ഫിനാന്‍സ് പ്രൊഫസറാണ്.

ഡിജിറ്റല്‍ ഭാവിയിലേയ്ക്ക്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനത്താദ്യമായി നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ സമ്മിറ്റിന്‌ ഇന്നലെയാണ് തുടക്കമായത്. ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അറിവാണ് കേരളത്തിന്റെ ഭാവി. കേരളത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് ഇവിടെ ലഭ്യമാകണം. ഐ ടി പാര്‍ക്കുകളിലടക്കം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മിറ്റില്‍ പങ്കെടുക്കുന്ന ഐടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തില്‍ ഡിജിറ്റല്‍ ലൈഫ് സ്‌റ്റൈല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തെ ഒരു നോളജ് സമൂഹമാക്കി മാറ്റുക, ഡിജിറ്റല്‍ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാേഹിപ്പിക്കുക, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി സാധ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ