ന്യൂഡൽഹി: ട്രെയിനുകളിലെ ശുചിത്വമില്ലായ്മ തുറന്ന് കാട്ടി മുൻ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി. ശതാബ്ദി പോലെയുള്ള പ്രീമിയം തീവണ്ടികളിൽ പോലും വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾ വൃത്തിയില്ലാത്തതാണെന്ന് ത്രിവേദി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ ഷൂട്ട് ചെയ്ത വിഡിയോ ന്യൂസ് 18 ആണ് പുറത്തുവിട്ടത്.

‘ഫ്രഷ് ലൈം വാട്ടര്‍ തുറന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് എന്താണെന്ന് നോക്കൂ, ഇതാണോ കുടിക്കേണ്ടത്’ – പാനീയത്തിന്റെ പാത്രത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം ചൂണ്ടിക്കാട്ടി ദിനേഷ് ത്രിവേദി പറഞ്ഞു.

നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയിട്ടുപോലും ശുദ്ധജലം പോലും തീവണ്ടികളില്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവണ്ടികളിലെ മോശമായ അവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണം. അല്ലാത്തപക്ഷം ഇതെല്ലാം സഹിക്കേണ്ട അവസ്ഥ തുടരും. പ്രതിഷേധിക്കാതിരുന്നാല്‍ ഈ അവസ്ഥയ്ക്ക് നമ്മളും ഉത്തരവാദികളായി മാറും.

നിലവാരമില്ലാത്ത സൗകര്യങ്ങള്‍ ചിത്രീകരിച്ച് ചാനലുകള്‍ക്ക് നല്‍കുകയോ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യാം. കമ്പനികള്‍ തങ്ങള്‍ക്ക് നല്‍കുന്നത് ഇത്തരം ഉത്പന്നങ്ങളാണെന്നാവും റെയില്‍വെയും മറുപടി. നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ നല്‍കുന്ന കമ്പനികളുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണ് റെയില്‍വെ ചെയ്യേണ്ടതെന്നും ത്രിവേദി പറഞ്ഞു.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് റെയില്‍വെയെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോയുമായി മുന്‍ റെയില്‍വെ മന്ത്രിതന്നെ രംഗത്തെത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ