ഛണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബി ജെ പിയില്‍ ചേരും. അദ്ദേഹം നയിക്കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസി(പി എല്‍ സി)നെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ബി ജെ പിയില്‍ ലയിപ്പിക്കും.
നട്ടെല്ലിനുള്ള ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്കു പോയ അമരീന്ദര്‍ സിങ് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.
പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യമാണു പാര്‍ട്ടി വിട്ടത്. തന്നെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം അവരോധിച്ച് ഒന്നര മാസത്തിനു ശേഷമായിരുന്നു ഇത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള കലഹത്തിന്റെ പശ്ചാത്തലത്തിലാണു അമരീന്ദറിനു സ്ഥാനം നഷ്ടമായത്.
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു പി എല്‍ സി രൂപീകരിച്ചത്. ബി ജെ പിയുമായും ശിരോ മണി അകാലി ദള്‍ (സംയുക്ത്) കക്ഷികളുമായി ചേര്‍ന്നാണു പി എല്‍ സി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി 65 സീറ്റിലും പി എല്‍ സി 37ലും എസ് എ ഡി (സംയുക്ത്) പതിനഞ്ച് സീറ്റിലുമാണ് മത്സരിച്ചു.
ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തില്‍ കഴിയുന്ന അമരീന്ദറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ജൂണ്‍ 27ന് സുഖവിവരം അന്വേഷിച്ചിരുന്നു. ”ക്യാപ്റ്റന്‍ സാഹിബിന്റെ സുഖവിവരം അന്വേഷിക്കാനുള്ള വിളി മാത്രമായിരുന്നു അത്,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി (എ എ പി) തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ പി എല്‍ സിയ്ക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. അമരീന്ദറിനു സിറ്റിങ് സീറ്റായ പട്യാല നഷ്ടപ്പെട്ടു. ബി ജെ പിക്കു രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ മുന്‍ രാജ്യസഭാംഗം സുഖ്ദേവ് സിങ് ദിന്‍ഡ്സയുടെ നേതൃത്വത്തിലുള്ള എസ് എ ഡി (സംയുക്ത്)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല.
അമരീന്ദര്‍ ലണ്ടനിലേക്കു പോകുന്നതിന് മുന്‍പ് തന്നെ പി എല്‍ സി, ബി ജെ പിയില്‍ ലയിക്കുന്നു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം തിരിച്ചെത്തുന്ന മുറയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗം ഹര്‍ജിത് ഗ്രെവാള്‍ ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു.