scorecardresearch
Latest News

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) ബിജെപിയില്‍ ലയിപ്പിച്ചു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) ബിജെപിയില്‍ ലയിപ്പിച്ചു.

നേരത്തെ ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അമരീന്ദറിനൊപ്പം പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് കൂടിയായ പ്രിത്പാല്‍ സിങ്ങും വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ 2021 നവംബര്‍ രണ്ടിനായിരുന്നു അമരീന്ദര്‍ സിങ് പിഎല്‍സി രൂപീകരിച്ചത്. ബി ജെ പിയുമായും ശിരോ മണി അകാലി ദള്‍ (സംയുക്ത്) കക്ഷികളുമായി ചേര്‍ന്നാണു പി എല്‍ സി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി 65 സീറ്റിലും പി എല്‍ സി 37ലും എസ് എ ഡി (സംയുക്ത്) പതിനഞ്ച് സീറ്റിലുമാണ് മത്സരിച്ചു.

എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി (എ എ പി) തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ പി എല്‍ സിയ്ക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. അമരീന്ദറിനു സിറ്റിങ് സീറ്റായ പട്യാല നഷ്ടപ്പെട്ടു. ബി ജെ പിക്കു രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ മുന്‍ രാജ്യസഭാംഗം സുഖ്ദേവ് സിങ് ദിന്‍ഡ്സയുടെ നേതൃത്വത്തിലുള്ള എസ് എ ഡി (സംയുക്ത്)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല.

നട്ടെല്ലിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെയാണ് അമരീന്ദര്‍ സിങ് ലണ്ടണില്‍ നിന്ന് മടങ്ങിയെത്തിയത്. പിന്നാലെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദര്‍ശിച്ചിരുന്നു.

ദേശീയ സുരക്ഷ, ലഹരിമരുന്ന് ലോബികളുടെ വളര്‍ച്ച, പഞ്ചാബിന്റെ ഭാവി വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഷായുമായി ചര്‍ച്ച ചെയ്തതായി അമരീന്ദര്‍ പറഞ്ഞു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി അമിത് ഷാ ജിയുമായി വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ട്വീറ്റ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Former punjab chief minister amarinder singh joins bjp