ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് അദ്ദേഹം ഇപ്പോൾ. മസ്തിഷ്ക ശസ്ത്രക്രിയക്കു ശേഷം പ്രണബിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടില്ല. ഡോക്ടർമാരുടെ വിദഗ്ധ സംഘം മുൻ രാഷ്ട്രപതിയെ ചികിത്സിക്കാൻ റഫറൽ ആശുപത്രിയിലുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആരോഗ്യനില കൂടുതൽ ഗുരുതരമായി തുടരുകയാണ്.
പിതാവിനു ആരോഗ്യം വീണ്ടുകിട്ടണമെന്ന പ്രാർത്ഥനയിലാണ് പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. കഴിഞ്ഞ വർഷം ഈ സമയം വലിയ സന്തോഷത്തിന്റെയായിരുന്നെന്നും ഇപ്പോൾ വലിയ ദുഃഖത്തോടെയാണ് താനെന്നും ശർമിഷ്ഠ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് പ്രണബ് മുഖർജിക്ക് ഭാരതരത്ന ലഭിച്ചത്. ഒരു വർഷത്തിനിപ്പുറം അതേസമയത്ത് അദ്ദേഹം അത്യാസന്ന നിലയിലാണ്. “ദെെവം അദ്ദേഹത്തിനു നല്ലത് വരുത്തട്ടെ, സന്തോഷവും ദുഃഖവും ഒരുപോലെ സ്വീകരിക്കാനുള്ള ശക്തി എനിക്ക് തരിക,” ശർമിഷ്ഠ മുഖർജി ട്വിറ്ററിൽ കുറിച്ചു.
Read Also: Covid-19 Russian Vaccine: റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?
“ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയെ 2020 ഓഗസ്റ്റ് 10 ന് 12:07 നാണ് ഡൽഹി കാന്റിലെ ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തി,” ആശുപത്രിയിൽ നിന്നുള്ള പ്രസ്താവനയിൽ.
കോവിഡ് ബാധിതനായ പ്രണബ് മുഖർജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി പ്രസ്താവനയില്‍ പറയുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.