ന്യൂഡൽഹി: ശസ്‌ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. പ്രണബ് മുഖർജിയുടെ ആരോഗ്യസൂചികകൾ ക്രമംതെറ്റിയ നിലയിലാണെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി ഇന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില കൂടുതൽ മോശമായതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. പ്രണബ് മുഖർജി ആഴമേറിയ അബോധാവസ്ഥയിൽ (ഡീപ് കോമ) തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ശ്വാസകോശത്തിലെ അണുബാധയ്‌ക്ക് ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ മകൾ

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡൽഹി കാന്റിലെ ആർമി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയിരുന്നു.

വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook