വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവൻ മാർ.ബെനഡിക്‌ട് പതിനാറാമൻ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ടുകൾ. അസുഖ ബാധിതനായ സഹോദരനെ ജർമനിയിൽ പോയി സന്ദർശിച്ചതിനു ശേഷമാണ് ബെനഡിക്‌ട് പതിനാറാമൻ പാപ്പയുടെ ആരോഗ്യനില വഷളായതെന്നാണ് ജർമൻ പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആരോഗ്യനില വളരെ മോശമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

’93 കാരനായ ബെനഡിക്‌ട് പാപ്പയുടെ മുഖത്ത് കുമിൾ ബാധിക്കുന്നു. മുഖത്തെ ചുണങ്ങും കഠിനമായ വേദനയുമുണ്ട്. ഒരുതരം വെെറസ് രോഗമാണിത്,’ മുൻ മാർപ്പാപ്പയുടെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് ജർമൻ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഓർമശക്‌തിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ബെനഡിക്‌ട് പതിനാറാമന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: കോവിഡ് വാക്സിൻ: ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്സ്‌ഫോർഡ് വാക്സിൻ മനുഷ്യ പരീക്ഷണ അനുമതി

ജീവചരിത്രം രചിക്കുന്നതിന്റെ ഭാഗമായി സീവാൾഡ്, ശനിയാഴ്‌ച ബെനഡിക്‌ട് പതിനാറാമനുമായി കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അസുഖബാധിതനാണെങ്കിലും മാർ.ബനഡി‌ക്‌ട് വലിയ ശുഭാപ്‌തി വിശ്വാസത്തിലാണെന്നും സീവാൾഡ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ജൂണിലാണ് ബനഡി‌ക്‌ട് പതിനാറാമൻ സഹോദരനെ സന്ദർശിക്കാനായി ജർമനിയിലേക്ക് യാത്ര ചെയ്‌തത്.

2013 ലാണ് ബെനഡിക്‌ട് പതിനാറാമൻ ആഗോള കത്തോലിക്കാ സഭ തലവൻ എന്ന സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബെനഡിക്‌ട് പതിനാറാമന് ശേഷമാണ് ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസ് സ്ഥാനമേറ്റത്. ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായാണ് ബെനഡിക്‌ട് പതിനാറാമൻ സ്ഥാനമേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook