ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിങ്ങിനെ പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് മന്‍മോഹന്‍ സിങ്ങിനെ ശുപാര്‍ശ ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ലമെന്ററി നഗര വികസന കമ്മിറ്റിയിലേക്കാണ് ദിഗ്‌വിജയ് സിങ്ങിനെ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് ദിഗ്‌വിജയ് സിങ് രാജിവച്ചതായാണ് റിപ്പോര്‍ട്ട്.
1991 മുതല്‍ 1996 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവാണ് മന്‍മോഹന്‍ സിങ്.
നോട്ട് നിരോധനവും ജിഎസ് ടി നടപ്പാക്കലും അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കിയതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മന്‍മോഹന്‍ സിങ് നേരത്തെ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അറിവുള്ളവരില്‍ നിന്നു അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറകണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.