ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. ഇസ്ലാമാബാദിലെ വീട്ടില്‍ നിന്നും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ദാരിയുടെ ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

സര്‍ദാരിയുടെ സഹോദരി ഫാര്യാല്‍ തല്‍പൂര്‍ കേസില്‍ കൂട്ടുപ്രതിയാണ്. സര്‍ദാരിയ്‌ക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ ദിവസം നല്‍കിയെങ്കിലും തല്‍പൂരിനെതിരെ ഇതുവരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ പാക്കിസ്ഥാന് പുറത്തേക്ക് പണം കടത്തിയെന്നാണ് സര്‍ദാരിക്കെതിരായ കേസ്.

അതേസമയം, ആരും പ്രകോപിതരാകരുതെന്ന് അദ്ദേഹത്തിന്റെ മകനും പിപിപി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ പാര്‍ട്ടിപ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ മനപ്പൂര്‍വ്വം ലക്ഷ്യം വച്ച് നീക്കങ്ങള്‍ നടത്തുന്നതായി പാര്‍ട്ടി നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആരോപിച്ചിരുന്നു.

അറസ്റ്റിനെതിരെ സര്‍ദാരിയും കുടുംബവും ഉടന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചേക്കും. ആസിഫലി സര്‍ദാരിയുടെയും സഹോദരിയുടെയും പേരിലുള്ള കമ്പനികളിലേക്ക് വിദേശത്തു നിന്ന് വ്യാജഅക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് മില്യണ്‍ ഡോളര്‍ എത്തിയ കേസിലാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook