ലണ്ടന്‍: അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സൂം അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലെ പാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഖുല്‍സും നവാസിന്റെ നില ഇന്ന് രാവിലെയോടെ വഷളാവുകയായിരുന്നു. തൊണ്ടയിലുണ്ടായ അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കുല്‍സൂം. രണ്ട് മാസത്തിലധികമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ കോമയിലേക്ക് വീഴുകയും ചെയ്തു. നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ മാസം നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് പോയത്. പിന്നാലെ നവാസും മകളും അറസ്റ്റിലാവുകയും ചെയ്തു.

ഭാര്യയുടെ അന്തിമചടങ്ങില്‍ പങ്കെടുക്കാനായി നവാസ് ഷെരീഫിന് പരോള്‍ ലഭിക്കുമെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നീ നാല് മക്കളാണ് ഇരുവര്‍ക്കും ഉളളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ ഖുല്‍സൂം ലണ്ടനില്‍ ചികിത്സയിലായിരുന്നു. 1950ല്‍ ലാഹോറിലെ ഒരു കശ്മീരി കുടുംബത്തിലാണ് ഖുല്‍സൂം ജനിച്ചത്. ലാഹോറിലെ മുന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഖുല്‍സൂം ബിരുദം നേടിയത്.

അറസ്റ്റ് വരിക്കാനായി പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് ആശുപത്രി കിടക്കയിലുളള ഭാര്യയോട് യാത്ര പറയുന്ന നവാസ് ഷെരീഫിന്റെ ചിത്രം പ്രചരിച്ചിരുന്നു. ബീഗം ഖുല്‍സും നവാസിന്റെ നെറ്റിയില്‍ നവാസ് ഷെരീഫ് കൈ വയ്ക്കുമ്പോള്‍ അടുത്ത് നിന്ന് വിതുമ്പുന്ന മകള്‍ മറിയത്തേയും ചിത്രത്തില്‍ കാണാം. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത ചിത്രം മറിയം റീട്വീറ്റ് ചെയ്തിരുന്നു

‘ഈ ചിത്രം ഭാവിയില്‍ പലരേയും വേട്ടയാടും’ എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചിത്രം ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നുളള നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്.

‘ഈ ചിത്രം പാക്കിസ്ഥാന്‍ ഭരണവ്യവസ്ഥയുടെ തകര്‍ച്ചയെ ഒരു നൂറ് വര്‍ഷം അടയാളപ്പെടുത്തി നിലകൊള്ളും’, ഒരാള്‍ സോഷ്യൽ മീഡിയയില്‍ കുറിച്ചു. ലണ്ടനില്‍ നിന്നും ലാഹോറിലേക്ക് തിരിക്കും മുമ്പ് വൈകാരികമായാണ് ഷെരീഫ് പ്രതികരിച്ചത്. ‘അറസ്റ്റ് വരിക്കാനാണ് ഞാനും മറിയവും വരുന്നത്. അവര്‍ ഞങ്ങളെ കഴുമരത്തിലേക്ക് അയച്ചാലും ഞാന്‍ കാര്യമാക്കുന്നില്ല, ത്യാഗം സഹിക്കാതെ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് എനിക്കറിയാം. ഭാര്യയെ വെന്റിലേറ്ററില്‍ വിട്ട് വരുന്നത് ഏറെ ദുഃഖകരമാണ്. എന്നാല്‍ ഈ അടിമത്വം ഇല്ലാതാക്കാനുളള ശ്രമത്തില്‍ പങ്കാളികളാവാനാണ് ഞാനും എന്റെ മകളും തിരിച്ചു പോകുന്നത്’, ഷെരീഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook