അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കൂടിക്കാഴ്‌ചയെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ലോകം വീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രംപ്-കിം കൂടിക്കാഴ്‌ച കണ്ട് പൊട്ടിക്കരയുന്ന ഡെന്നീസ് റോഡ്മാന്റെ വീഡിയോ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
സിഎന്‍എന്നിന്റെ ചര്‍ച്ചയിലായിരുന്നു മുന്‍ എന്‍ബിഎ താരം പൊട്ടിക്കരഞ്ഞത്. ഒരിക്കല്‍ ഉത്തര കൊറിയ സന്ദര്‍ശിച്ച തനിക്കുണ്ടായ അനുഭവം ഓര്‍മ്മിച്ചു കൊണ്ടായിരുന്നു അദ്ദേഹം കരഞ്ഞത്. ഉത്തര കൊറിയയില്‍ പോയ താന്‍ കിമ്മുമായി കൂടിക്കാഴ്‌ച നടത്തിയതിന് ഭീഷണി നേരിട്ടെന്നും ഭീഷണികളില്‍ ഭയന്ന് തനിക്ക് വീട്ടില്‍ പോലും വരാന്‍ സാധിച്ചിരുന്നില്ലെന്നും ഒളിച്ച് കഴിയുകയായിരുന്നുവെന്നും റോഡ്മാന്‍ പറഞ്ഞു.
”എനിക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നു. വീട്ടില്‍ പോലും പോകാന്‍ കഴിയാതെ 30 ദിവസത്തോളം ഒളിച്ചു താമസിച്ചു,” റോഡ്മാന്‍ പറയുന്നു. കിമ്മും ട്രംപുമായുള്ള കൂടിക്കാഴ്‌ച ശരിയായ കാര്യമാണെന്നും ലോക നന്മയ്‌ക്കായി വാതിലുകള്‍ തുറന്നിടാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ട്രംപ്-കിം കൂടിക്കാഴ്‌ചയ്‌ക്ക് മുമ്പായി വൈറ്റ് ഹൗസില്‍ നിന്നും തനിക്ക് ഫോണ്‍ കോള്‍ വന്നെന്നും റോഡ്മാന്‍ പറയുന്നുണ്ട്. ”ട്രംപിന്റെ സെക്രട്ടറി വിളിച്ചിരുന്നു. ട്രംപ് നിങ്ങളെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. അദ്ദേഹം നന്ദി പറഞ്ഞതായും പറഞ്ഞു,” റോഡ്മാന്‍ പറയുന്നു. എന്നാല്‍ ഫോണ്‍കോള്‍ വൈറ്റ് ഹൗസ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.
ഉത്തര കൊറിയന്‍ ഏകാധിപതി കിമ്മിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് ലോകം ചുറ്റാന്‍ ഇഷ്‌ടമാണെന്നും അമേരിക്കയില്‍ വരണമെന്ന് ആഗ്രഹമുണ്ടെന്നും ജീവിതം ആസ്വദിക്കാന്‍ ഇഷ്‌ടമുള്ളയാളാണെന്നുമായിരുന്നു റോഡ്മാന്റെ മറുപടി. കിം മണ്ടനല്ലെന്നും റോഡ്മാന്‍ പറയുന്നു.
കിം അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടുണ്ട് റോഡ്മാന്‍. കിമ്മിനും ബാസ്‌കറ്റ് ബോളില്‍ അതിയായ താല്‍പര്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായും വര്‍ഷങ്ങളുടെ പരിചയമുണ്ട് റോഡ്മാന്. ട്രംപിന്റെ സെലിബ്രിറ്റി അപ്രന്റിസ് എന്ന ഷോയില്‍ പങ്കെടുത്തിട്ടുണ്ട് റോഡ്മാന്‍.
അതേസമയം, ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്‌ച കാണാനായി റോഡ്മാന്‍ സിംഗപ്പൂരിലാണുള്ളത്. എന്നാല്‍ റോഡ്മാനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. മെയ്‌ക്ക് അമേരിക്ക പ്രൗഡ് എഗെയ്ന്‍ എന്നെഴുതിയ തൊപ്പിയും ടിഷര്‍ട്ടും ധരിച്ചായിരുന്നു റോഡ്മാന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.