ലോക്ക്ഡൗണാണ്. സമയം ഇഷ്ടം പോലെ. പക്ഷെ എന്ത് ചെയ്യണമെന്നറിയാത്തതാണ് പലര്‍ക്കും പ്രശ്‌നം. എന്നാല്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും, കേന്ദ്രമന്ത്രിയും, നിലവിലെ രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ല. ലോക്ക്ഡൗണ്‍ കാലത്തെ തന്‌റെ ഒരു ദിവസത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.
“കൊറോണ വന്നതിന് ശേഷം കൂടുതല്‍ ആക്ടീവാണ് ഞാന്‍. ഒന്നിനും സമയമില്ല. രാവിലെ മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ഫോണ്‍ വിളികളുടെ ബഹളം. ഡിസ്ട്രസ് മാനേജ്‌മെന്‌റ് കലക്ടീവ് എന്ന പേരില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫിന്‌റെ നേതൃത്വത്തില്‍ ഞങ്ങള്‍ 300 പേരടങ്ങുന്ന ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മയുണ്ട്. ഡല്‍ഹി കലാപ സമയത്ത് ആളുകളെ സഹായിക്കാന്‍ തുടങ്ങിയതാണ്. കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി ഡസ്‌ക്ക്, ഉത്തരേന്ത്യ ഡെസ്‌ക്ക്, ഇന്ത്യ ഡെസ്‌ക്ക്, ഗ്ലോബല്‍ ഡെസ്‌ക്ക് എന്നീ നാല് വിഭാങ്ങളുണ്ട്. ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണവും പാര്‍പ്പിടവും ചികിത്സയും ആവശ്യമുള്ളവരെ സഹായിക്കുകയാണ് ഇപ്പോള്‍. വീട്ടിലിരുന്ന് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങളുടെ കൈവശം മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമുണ്ടെങ്കില്‍ ചെയ്യാനാകുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റും വിശക്കുന്ന മനുഷ്യരും പക്ഷികളും മൃഗങ്ങളുമുണ്ട്. അവരെ സഹായിക്കുക.”
“രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണമെത്തിച്ചു. സര്‍ക്കാരിനോടും ഉദ്യോഗസ്ഥരോടും ജില്ലാ കലക്ടര്‍മാരോടും നിരന്തരം ആശയവിനിമയും നടത്തുന്നു. മിസോറാമില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്‌റേഷന്‍ കഴിഞ്ഞ് കിടക്കുന്ന രോഗിക്ക് മരുന്നെത്തിക്കാനും, ഇംഗ്ലണ്ടില്‍ നിന്നും അര്‍ബുദ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് എത്തേണ്ടയാള്‍ക്ക് എയര്‍ ആംബുലന്‍സ് ഒരുക്കാനും സാധിച്ചു. നിങ്ങള്‍ വീട്ടിലിരുന്ന് സിനിമകള്‍ കാണൂ. പുസ്തകങ്ങള്‍ വായിക്കൂ. മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിക്കൂ. ഒപ്പം സാധിക്കുന്നത് പോലെ മറ്റുള്ളവരെ സഹായിക്കൂ.”
ഡല്‍ഹിയിലെ വീട്ടില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തോടൊപ്പം ഭാര്യ ഷീലയും 91കാരിയായ അമ്മയുമുണ്ട്.
“ഇളയമകനും ഭാര്യയും അവരുട 40 ദിവസം പ്രായമുള്ള മകന്‍ ശിവയും ന്യൂയോര്‍ക്കിലാണ്. അമേരിക്കയില്‍ കോവിഡ് അടിവേരിളക്കിയ സ്ഥലം. വീട്ടിലിരുന്നാണ് അവര്‍ ജോലി ചെയ്യുന്നത്. മൂത്തമകനും കുടുംബവും ലണ്ടനിലാണ്. അവരെ കുറിച്ച് ആശങ്കയുണ്ട്. കുറച്ച് ദിവസം മുമ്പ്, രാത്രി എന്‌റെ ഭാര്യ എഴുന്നേറ്റിരുന്ന് ചുമയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ പേടിച്ചു, മനുഷ്യനല്ലേ. പക്ഷെ കുടുംബത്തിനപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയമാണിത്. നിങ്ങള്‍ക്കറിയാത്ത ആളുകള്‍ക്കുവേണ്ടി, ഭാവിയില്‍ നന്ദി അറിയിച്ചൊരു മെസ്സേജ് പോലും പ്രതീക്ഷിക്കാതെ സഹായിക്കേണ്ട അവസരം,”
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‌റെ ദിനചര്യയുടെ ഭാഗമാണ് വ്യായാമം. കോവിഡ് കാലത്തും രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്ന ശീലത്തില്‍ മാറ്റമില്ല.
“രാവിലെ ഞാന്‍ 6.30ക്ക് എഴുന്നേല്‍ക്കും. കാപ്പി കുടിക്കും. അതിനിടയില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജുകള്‍ നോക്കും. ഞങ്ങള്‍ താമസിക്കുന്ന ക്യാമ്പസില്‍ രണ്ടര ഏക്കര്‍ സ്ഥലമുണ്ട്. അവിടെ ജോഗിങിന് പോകും. തിരിച്ചു വന്ന് വീട് വൃത്തിയാക്കും. പതിനേഴ് മുറികളുണ്ട് വീട്ടില്‍. ഒരു മണിക്കൂര്‍ കൊണ്ട് അതൊക്കെ തൂത്ത് വൃത്തിയാക്കും. നമ്മുടെ വീട്ടിലെ സ്ത്രീകള്‍ ചെയ്യുന്ന ജോലി എത്ര കഠിനമാണ് എന്ന തിരിച്ചറിവിന്‌റെ ദിവസങ്ങള്‍. പുരുഷന്മാര്‍ക്ക് മാറ്റി ചിന്തിക്കാനുള്ള സമയം കൂടിയാണിത്. ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. ഞങ്ങള്‍ ഒമ്പത് മക്കളാണ്. അഞ്ച് സഹോദരമാരും വീട്ടു ജോലികള്‍ ചെയ്യുന്നതുകൊണ്ട് അതേക്കുറിച്ചൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. അപ്പന്‍ ബ്രിട്ടീഷ് ആര്‍മിയിലെ അധ്യാപനായിരുന്നു. എല്ലാ മക്കളേയും പറമ്പില്‍ പണിയെടുപ്പിക്കുമായിരുന്നു. മണ്ണിന്‌റെ മണം അറിഞ്ഞാല്‍ മാത്രമേ മനുഷ്യരാകൂ എന്ന് അദ്ദേഹം പറയുമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഈ കോമ്പൗണ്ടില്‍ അരയേക്കര്‍ സ്ഥലത്ത് പച്ചക്കറി വളര്‍ത്തുന്നുണ്ട്. ഇതിന് പുറമെ, വീട്ടിലെ പട്ടിക്കുട്ടികള്‍ക്കൊപ്പം കളിക്കും. കണ്ണുകാണാത്ത ഒരു പട്ടിക്കുട്ടി ഉള്‍പ്പെടെ ഒന്‍പത് പട്ടികളുണ്ട് വീട്ടില്‍. കണ്ണുകാണാത്തവളുടെ പേര് സില്‍ക്കി എന്നാണ്. കൊച്ചിയില്‍ താമസിക്കുമ്പോള്‍ തെരുവില്‍ നിന്നാണ് എനിക്കവളെ കിട്ടിയത്. നിറയെ പക്ഷികളും പരുന്തുകളുമുണ്ട് താമസസ്ഥലത്ത്. അതിനെല്ലാം തീറ്റ കൊടുക്കും. രാവിലേയും വൈകുന്നേരവും നൂറോളം പരുന്തുകള്‍ക്കാണ് തീറ്റ കൊടുക്കുന്നത്.”
ലോക്ക്ഡൗണ്‍ എന്നാല്‍ വിശക്കുന്ന മനുഷ്യരുടെ മുഖമാണ് ആദ്യം മനസില്‍ വരുന്ന ചിത്രമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
“ചിലയിടങ്ങളില്‍ മനുഷ്യര്‍ പട്ടിണിയാണെന്നറിയുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കും. വേണ്ടതെല്ലാം ചെയ്യാമെന്നവര്‍ ഉറപ്പ് നല്‍കും. പക്ഷെ ഒന്നും ചെയ്യില്ല. അത് വലിയ വേദനയാണ്. ഞാനെന്‌റെ ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യും. വിശക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍ തന്നെയാണ് ഈ ദിവസങ്ങളിലെ മനപ്രയാസം. പക്ഷെ, ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റുന്ന എത്രയോ ഉദ്യോഗസ്ഥര്‍ ചുറ്റുമുണ്ട്. അവരേയും ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ.”
തന്റെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം സംസാരിക്കുന്നുhttps://t.co/FyqBjvGHZJ pic.twitter.com/AwdP2PjJhx
— IE Malayalam (@IeMalayalam) April 27, 2020
ലോക്ക്ഡൗണ്‍ നല്‍കിയ തിരിച്ചറിവുകളിലൊന്ന്, ചില സമയത്ത് പൈസയ്ക്ക് കടലാസിന്‌റെ വിലപോലുമില്ല എന്നതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.
“മനുഷ്യരെല്ലാം പൈസയ്ക്ക് പുറകെയാണ്. പക്ഷെ ലോകത്തിലെ മുഴുവന്‍ വെന്‌റിലേറ്ററും വാങ്ങിക്കാനുള്ള പണം കൈയ്യിലുള്ളവരും ഇപ്പോള്‍ ഒരു വെന്‌റിലേറ്ററിനായി കാത്തു കിടക്കുകയും ശ്വാസംകിട്ടാതെ മരിക്കുകയും ചെയ്യുന്നു. എനിക്കും എന്‌റെ മക്കള്‍ക്കും കുടുംബത്തിനും അപ്പുറം ഒരു ലോകമുണ്ട്. അതു തന്നെയാണ് ഞാനെന്‌റെ മക്കളോടും പറഞ്ഞിട്ടുള്ളത്. ഈ ലോകത്തില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമന്ത്രിയും പ്രസിഡന്‌റുമൊന്നുമല്ല. നമ്മള്‍ ഓരോരുത്തരുമാണ്.”
ഈ തിരക്കുകളും ദുരിതകാലവും കഴിഞ്ഞാല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് തന്‌റെ കൊച്ചുമകന്‍ ശിവയെയാണ്. അത് വേഗം സാധിക്കും എന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും അവസാനിക്കുന്നത്.