ന്യൂഡല്‍ഹി: മഹാരാഷ്ട്ര പൊലീസ് മുന്‍ എടിഎസ് (അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്) തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. സൗത്ത് മുംബൈയിലെ വസതിയില്‍ വച്ച് കൈവശമുണ്ടായിരുന്ന സര്‍വീസ് റിവോള്‍വര്‍ കൊണ്ട് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കാൻസർ ബാധിതനായ അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി അവധിയിൽ ആയിരുന്നു. ചികിൽസയ്ക്കായി യുഎസിലും പോയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെ റോയ് സർവീസ് റിവോൾവർ വായ്ക്കകത്ത് വച്ച് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. വെടിയൊച്ച കേട്ടാണ് ജീവനക്കാർ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നത്. അദ്ദേഹത്ത ബോംബെ ഹോസ്‌പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

1998 ബാച്ച് ഐപിഎസ് ഓഫിസറായ റോയ് നിരവധി പ്രമുഖ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നാഷനൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിലെ (എൻഎസ്ഇഎൽ) 5600 കോടിയുടെ അഴിമതി, ഐസിസിയുടെ മുൻ ചെയർമാൻ എൻ.ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ അറസ്റ്റിലായ ഐപിഎൽ വാതുവയ്‌പ് തുടങ്ങിയ കേസുകളുടെ അന്വേഷണ ചുമതല റോയ്‌ക്കായിരുന്നു.

മുംബൈ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന കാലത്ത് മുതിർന്ന മാധ്യമപ്രവർത്തകൻ ജ്യോതിർമോയ് ഡേ കൊലപാത കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് റോയ് ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തക ജിഗ്ന വോറയെ റോയ്‌യുടെ ടീം അറസ്റ്റ് ചെയ്തിരുന്നു. ആന്റി ടെററിസം സ്ക്വാഡ് മേധാവി ഉൾപ്പെടെ മഹാരാഷ്ട്ര പൊലീസിൽ നിരവധി ഉന്നത ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ