അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഡിജി വൻസാരയ്ക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകി ഗുജറാത്ത് സർക്കാർ. വിരമിച്ചതിന് ശേഷം ഇൻസ്പെക്ടർ ജനറൽ (ഐജി) തസ്തികയിലേക്കാണ് വൻസാരയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടൽ കേസുകളിലും കൊലപാതകങ്ങളിലും പങ്കുണ്ടെന്നാരോപിച്ച് എട്ടുവർഷം വൻസാരെ ശിക്ഷിക്കപ്പെട്ടിരുന്നു. 2014 മെയ് 31 ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ആയി വിരമിച്ചിരുന്നു. എന്നിരുന്നാലും, 2017ലും 2019ലുമായി രണ്ടു കേസുകളിലും കോടതി വന്‍സാരയെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്. പെന്‍ഷന്‍, 2007 മുതലുള്ള ശമ്പള കുടിശ്ശിക എന്നിവയെല്ലാം വന്‍സാരയ്ക്ക് അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലാണ് വന്‍സാര ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഓഫീസര്‍മാര്‍ ആദ്യം അറസ്റ്റിലായത്. ശേഷം ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ വെടിവച്ച് കൊന്ന കേസിലും തുളസീറാം പ്രജാപതിയെ കൊന്ന കേസിലും വന്‍സാരയെ പ്രതി ചേര്‍ക്കപ്പെട്ടു.

Read in English: Former IPS officer DG Vanzara gets post-retirement promotion by Gujarat govt

2007 ൽ അറസ്റ്റിലായതിനെ തുടർന്ന് വൻസാര സബർമതി സെൻട്രൽ ജയിലിലായിരുന്നു. സൊഹ്‌റാബുദ്ദീൻ കേസിലെ വിചാരണ സുപ്രീംകോടതി മാറ്റിയതിനെത്തുടർന്ന് 2012 നവംബറിൽ അദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. 2013 ജൂണിൽ ഇസ്രത്ത് ജഹാൻ കേസിൽ വൻസാരയെ സിബിഐ അറസ്റ്റ് ചെയ്ത് വീണ്ടും സബർമതി ജയിലിലേക്ക് കൊണ്ടുവന്നു. 2014 സെപ്റ്റംബറിൽ ബോഹെ ഹൈക്കോടതി സൊഹ്‌റാബുദ്ദീൻ കേസിൽ ജാമ്യം അനുവദിച്ചു. 2015 ഫെബ്രുവരിയിൽ ഇഷ്റത്ത് കേസിൽ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി അനുവദിച്ചതിനെത്തുടർന്ന് ജയിയിൽ മോചിതനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook