മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് അറസ്റ്റ്. മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കണ്ണന്‍ ഗോപിനാഥന്‍. അതിനിടെയാണ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇവരെ വിട്ടയച്ചു. അറസ്റ്റിലായ വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതായി കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഭരണഘടന വായിക്കാന്‍ പോലും തങ്ങളെ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ നേരത്തെ രാജിവച്ചത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറുമായിരുന്നു.

Read Also: ആളികത്തുന്ന പ്രതിഷേധം; യാത്ര റദ്ദാക്കി അമിത് ഷാ

‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook