ന്യൂഡല്‍ഹി: കൊടകര ഹവാല കേസ് ഉള്‍പ്പെടെയുള്ള ആരോപണ നിഴലില്‍ നില്ക്കുന്ന ബിജെപി സംസ്ഥാന ഘടകത്തെക്കുറിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആനന്ദ ബോസ്. റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ആനന്ദ ബോസിന്റെ സ്ഥിരീകരണം.
“പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനില്ല,” ആനന്ദ ബോസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കേരള ബിജെപി ഘടകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ.ശ്രീധരന് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചതായി ജൂണ്‍ ഏഴിന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് നേതാക്കാളുമായും സ്ഥാനാര്‍ഥികളുമായും ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയാറാക്കാനായിരുന്നു നിര്‍ദേശം.
ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഇല്ലെന്നും വെറും തട്ടിപ്പാണെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചത്. തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും സുരേന്ദ്രന്റെ വാദം ആവര്‍ത്തിച്ചു. “നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിലയിരുത്തുന്നതിനായി പാര്‍ട്ടി സമിതിക്കു രൂപം നൽകിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ പാര്‍ട്ടി അത്തരത്തില്‍ ഒരു ടീമിനെ വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. ഇത്തരം വിശകലനം നടത്താൻ ഞങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്,” അരുണ്‍ സിങ് വ്യക്തമാക്കി.
Also Read: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ബിജെപി; മൂന്നംഗ സമിതിയെ നിയോഗിച്ചു
എന്നാല്‍ ആനന്ദ ബോസ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. കേരളത്തിലെ ചില ബിജെപി നേതാക്കള്‍ തങ്ങളോട് ഇതു സംബന്ധിച്ച് വിവരങ്ങള്‍ തേടിയതായും ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആനന്ദ ബോസ് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ഔദ്യോഗിക വ്യത്തങ്ങളില്നിന്ന് ലഭിക്കുന്ന വിവരം. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം തിരഞ്ഞെടുപ്പില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പുറമെ കയ്യിലുണ്ടായിരുന്ന നേമം സീറ്റും നഷ്ടപ്പെട്ടു. കേരളത്തിലെ ബിജെപിയുടെ വോട്ടു വിഹിതം 14.46 ശതമാനത്തില്‍ നിന്ന് 11.30 ആയി കുറയുകയും ചെയ്തു.