ഹൈദരാബാദ്: ഇന്ത്യൻ വ്യോമസേനയുടെ മുൻ എയർ ചീഫ് മാർഷൽ ഇദ്രിസ് ഹസൻ ലത്തീഫ് (94) നിര്യാതനായി. ഇന്ത്യാ വിഭജനത്തിന് ശേഷം പാക്കിസ്ഥാൻ വ്യോമസേനയിൽ ചേരാനുളള ക്ഷണം നിരസിച്ചാണ് ഇദ്രിസ് ഹസൻ ഇന്ത്യൻ വ്യോമസേനയിൽ തുടർന്നത്. ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായാണ് അദ്ദേഹം വിരമിച്ചത്.

ഇദ്രിസിനെ എയർ ചീഫ് മാർഷലായി നിയമിക്കുന്നത് 1978 ഓഗസ്റ്റ് 31 നാണ്. 1981ൽ​ വിരമിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡറായും മഹാരാഷ്ട്ര ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്ത്യാ വിഭജനത്തെ തുടർന്ന് ഇന്ത്യയിലെ സായുധ സേനാ വിഭാഗവും രണ്ടായി. മുസ്‌ലിം എന്ന നിലയിൽ ഇന്ത്യയിലെയോ പാക്കിസ്ഥാനിലെയോ സൈന്യത്തിന്റെ ഭാഗമാകാൻ ഇദ്രിസ് ഹസന് സാധ്യമാകുമായിരുന്നു. പാക്കിസ്ഥാൻ വ്യോമസേനയിൽ ചേരാനായി ഇദ്രിസിനെ അസ്ഗർ ഖാനും നൂർ ഖാനും പ്രേരിപ്പിച്ചുവെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചു. മതവും രാജ്യവും കൂട്ടിക്കുഴയ്ക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇദ്രിസ് ഹസൻ പാക്കിസ്ഥാനിലേയ്ക്കുളള ക്ഷണം നിരസിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിമായ മേധാവിയായതുംം ഇദ്രിസ് ഹസൻ ലത്തീഫ് ആയിരുന്നു. എയർമാർഷൽ അസ്ഗർ ഖാൻ പാക്കിസ്ഥാൻ വ്യോമസേനയുടെ ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ഉയർന്നു. ഈ ജനുവരിയിൽ അദ്ദേഹം ഇസ്‌ലാമാദിൽ നിര്യാതനായി.

ഹൈദരാബാദിൽ 1923 ൽ ജനിച്ച ലത്തീഫ്, 1942ൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. അംബാലയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തിന് കറാച്ചിയിലാണ് ആദ്യ നിയമനം ലഭിച്ചത്.

യുകെയുടെ റോയൽ എയർഫോഴ്സുമായി ബന്ധപ്പെട്ട് 1943-44 കാലത്ത് പ്രവർത്തിച്ച അപൂർവ്വം ചില ഇന്ത്യൻ പൈലറ്റുമാരിലൊരാളായിരുന്നു അദ്ദേഹം. ആർഎഎഫിനൊപ്പം ഹറികെയ്ൻ, സ്പിറ്റ്ഫയർ എന്നീ വിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നേടി. 1944ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം ബർമ്മയ്ക്കെതിരെയുളള യുദ്ധത്തിൽ പങ്കാളിയായി.

യുദ്ധത്തിന് ശേഷം അദ്ദേഹത്തെ മദ്രാസിൽ നിയമിച്ചു. അധികം വൈകാതെ ബർമ്മയിൽ നിയമിതനായി. അവിടെ സ്ക്വാഡ്രൻ ലീഡർ അസഗർ ഖാന് കീഴിൽ  ഹോക്കിൻസ്  ഹറിക്കെയ്ൻ വിമാനം വീണ്ടും പറത്തി. ഇദ്രിസ് അസ്ഗർഖാൻ, നൂർ ഖാൻ എന്നിവരുമായി നല്ല സുഹൃത് ബന്ധം നിലനിർത്തിയിരുന്നു. ഇരുവരും പിന്നീട് പാക്കിസ്ഥാൻ വ്യോമ സേനയുടെ മേധാവികളായി.

1950 ഇന്ത്യ റിപബ്ലിക്ക് ആയ ശേഷം ആദ്യമായി ന്യൂഡൽഹിയിൽ നടന്ന വ്യോമാഭ്യാസത്തിന് നേതൃത്വം നൽകിയത് ഇദ്രിസ് ഹസൻ ലത്തീഫ് ആയിരുന്നു. 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധകാലത്ത് ശ്രമകരമായ ഒട്ടേറെ ഉത്തരവാദിത്വങ്ങളാണ് അന്ന് എയർ വൈസ് മാർഷൽ ആയിരുന്ന ഇദ്രിസ് നിർവഹിച്ചത്. ഇന്ത്യൻ വ്യോമസേനയെ ആധുനികവൽക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കുണ്ടായിരുന്നു.

ജാഗ്വാർ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന് നിർണായക റോളുണ്ടായിരുന്നു. എട്ട് വർഷത്തോളം ചുവപ്പ്നാടയിൽ കുടുങ്ങിക്കിടക്കുയായിരുന്നു ഇതു സംബന്ധിച്ച ശുപാർശ. മിഗ് വിമാനങ്ങൾ വാങ്ങുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

(വ്യോമസേനയുടെ ഒഫിഷ്യൽ വെബസൈറ്റിൽ നിന്നുളള വിവരങ്ങൾ കൂടെ ഉൾപ്പെടുത്തിയതാണ് റിപ്പോർട്ട്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook