അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വിജയം തൂത്തുവാരിയപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് ബിപ്ലബ് കുമാര്‍ ദേബിന്റേതാണ്. 48കാരനായ ബിപ്ലബ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്. ആര്‍എസ്എസിന്റെ മുന്‍ വോളന്റിയറായ ബിപ്ലബ് ത്രിപുരയിലെ ബിജെപിയുടെ മുഖവും തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ വലിയ പങ്ക് വഹിച്ചയാളുമാണ്.

മുമ്പ് ഡല്‍ഹിയില്‍ ജിം ട്രെയിനറായിരുന്ന ഇദ്ദേഹമായിരുന്നു ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ ചാക്കിട്ട് പിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളെന്ന ആരോപണം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ഓരോ വാതിലുകളും മുട്ടിയാണ് അദ്ദേഹം പ്രചരണം നടത്തിയത്. മുന്‍ ആര്‍എസ്എസ് പ്രചാരകും ബിജെപിയുടെ ദേശീയ അംഗവുമായ ആയ സുനില്‍ ദിയോദര്‍ ആണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നത്.

ഇരുവരും കൈചേര്‍ത്ത് നിന്നാണ് ത്രിപുരയിലെ 32 ശതമാനം വരുന്ന ആദിവാസി വിഭാഗത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചത്. 59 സീറ്റുകളില്‍ 20 സീറ്റുകള്‍ ആദിവാസി വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയവയുമാണ്. ‘ബിജെപിക്ക് ത്രിപുരയില്‍ ഒരു മുഖം വേണമായിരുന്നു. അങ്ങനെയാണ് ഏറെ ചുറുചുറുക്കുളള ബിപ്ലബിനെ ഞാന്‍ കണ്ടെത്തിയത്. 90കളില്‍ ശാഖയില്‍ എങ്ങനെ ഒരു ലാത്തി ചുഴറ്റണമെന്ന് അദ്ദേഹത്തെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. വൈകിട്ട് ബിജെപി യോഗം ചേര്‍ന്ന് ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് തീരുമാനിക്കും’, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ജനറല്‍ സെക്രട്ടരി രാം മാധവ് പറഞ്ഞു.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ത്രിപുരയിൽ ബിജെപി മുന്നേറ്റം നടത്തിയത്. ആകെ തിരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളിൽ 40 എണ്ണത്തിലും ബിജെപി-ഐപിഎഫ്‌ടി സഖ്യം മുന്നേറി. ബിജെപി 32 സീറ്റിൽ മുന്നേറ്റം നടത്തിയപ്പോൾ ഐപിഎഫ്‌ടിയുടെ മുന്നേറ്റം എട്ട് സീറ്റുകളിലേക്കായിരുന്നു. കഴിഞ്ഞ തവണ 50 ലേറെ സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാനത്ത് വൻ തകർച്ചയാണ് കോൺഗ്രസ് നേരിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് നേടിയ കോൺഗ്രസ് ഇത്തവണ 2 ശതമാനം വോട്ടിലേക്ക് ഒതുങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ