അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. സെപ്റ്റംബറിൽ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കോവിഡ് മുക്തനായെങ്കിലും ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ ബാധിതനുമായിരുന്നു അദ്ദേഹം.
സെപ്‌റ്റംബർ 18 നാണ് കേശുഭായ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസങ്ങൾക്ക് ശേഷം കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു.
1995 മാർച്ചിലാണ് കേശുഭായ് പട്ടേൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലെത്തുന്നത്. എന്നാൽ, ആറ് മാസം പോലും ആദ്യ തവണ മുഖ്യമന്ത്രിയായിരിക്കാൻ സാധിച്ചില്ല. പിന്നീട് 1998 മുതൽ 2001 വരെ വീണ്ടും മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.

2012 ൽ ബിജെപിയിൽ നിന്നു തെറ്റി പിരിഞ്ഞു. പിന്നീട് ‘ഗുജറാത്ത് പരിവർത്തൻ പാർട്ടി’ക്ക് രൂപം നൽകി. പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 2012 ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയാണ് ബിജെപിയെ നയിച്ചത്. അന്ന് മോദിക്കെതിരെ തന്റെ പുതിയ പാർട്ടിയെ ഉപയോഗിച്ച് പ്രചാരണം നടത്തിയ കേശുഭായ് പട്ടേൽ 2014 ൽ ബിജെപിയിൽ തിരിച്ചെത്തി.
ആറ് തവണ ഗുജറാത്ത് നിയമസഭയിൽ അംഗമായിട്ടുണ്ട്. 1927 ൽ ജുനഗഡിൽ ജനിച്ച കേശുഭായ് പട്ടേൽ 1945 ൽ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്.
കേശുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഗുജറാത്തിന്റെ വളർച്ചയ്‌ക്കും ഗുജറാത്തിലെ ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് കേശുഭായ് പട്ടേൽ എന്ന് മോദി പറഞ്ഞു.