ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ വെളിപ്പെടുത്തലില്‍ മലക്കംമറിഞ്ഞ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദെ. റിലയന്‍സിന്റെ കാര്യത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും റാഫേല്‍ കമ്പനിയാണ് അക്കാര്യം വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഫ്രാന്‍സിലെ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിർദേശിച്ചത് ഇന്ത്യയാണെന്ന് ഒലാന്ദെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയെ വിശദീകരിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് കാനഡയില്‍ വച്ച് നല്‍കിയ അഭിമുഖത്തില്‍ റിലയന്‍സിനെ തിരഞ്ഞെടുക്കുന്നതില്‍ ഫ്രാന്‍സിന് ഒരു നിലപാടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായോ എന്ന ചോദ്യത്തിന് ഇക്കാര്യം തനിക്ക് അറിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് ദസോള്‍ട്ട് കമ്പനിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വ്യവസായിയായ അനില്‍ അംബാനിയെ റാഫേല്‍ ഇടപാടിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണം അംബാനിക്ക് നല്‍കിയ മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കള്ളനാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ഫ്രാന്‍സോ ഒലാന്ദെയുമായി നടന്ന കൂടിക്കാഴ്ചക്കിടയില്‍ റിലയന്‍സിന് കരാര്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നത് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് തന്നെയാണ്. അഴിമതി നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ നമുക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെളിഞ്ഞിരിക്കുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ട, കാവല്‍ക്കാരനാക്കിയാല്‍ മതി എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ