അഹമ്മദാബാദ്: മുന്‍ ഡി ജി പി ആര്‍ബി ശ്രീകുമാര്‍ ജാമ്യം തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി 40 ദിവസത്തിനു ശേഷമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഇലേഷ് വോറയെുടെ ബഞ്ചിനു മുന്‍പാകെയാണ് അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീകുമാറിനെ ഗാന്ധിനഗറിലെ വീട്ടില്‍നിന്ന് ജൂണ്‍ 25 നാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി അഹ്ദാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റ്.
2002ലെ കലാപക്കേസുകളുമായി ബന്ധപ്പെട്ട് ‘നിരപരാധികളെ’ കുടുക്കാന്‍ കൃത്രിമ തെളിവുകള്‍ ചമച്ചെന്ന ആരോപണമാണ് ശ്രീകുമാറും ടീസ്റ്റയും നേരിടുന്നത്.
ടീസ്റ്റ സെതല്‍വാദിനെു കഴിഞ്ഞദിസം സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതി സ്വതന്ത്രമായും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളാല്‍ സ്വാധീനിക്കാതെയും തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ടീസ്റ്റ ജയില്‍മോചിതയായിരുന്നു.
ടീസ്റ്റയുടെ ജാമ്യാപേക്ഷ നോട്ടീസ് അയച്ച് ഏകദേശം ആറാഴ്ചയ്ക്ക് ശേഷം സെപ്റ്റംബര്‍ 19-നു പരിഗണിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇത് ‘ഗുജറാത്തിലെ സ്റ്റാന്‍ഡേര്‍ഡ് സമ്പ്രദായം’ ആണോയെന്ന് ആശ്ചര്യപ്പെട്ട കോടതി, കഴിഞ്ഞ രണ്ടു മാസമായി നിങ്ങള്‍ എന്ത് തരത്തിലുള്ള തെളിവുകളാണു ടീസ്റ്റയ്ക്കെതിരെ ശേഖരിച്ചതെന്നു സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തിരുന്നു.
ശ്രീകുമാറിനെ ജാമ്യത്തില്‍ വിട്ടയക്കുന്നത് തെറ്റ് ചെയ്തവരെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാവുമെന്നു പറഞ്ഞുകൊണ്ടാണ് അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയത്.