ഒരുവശത്ത് പുതിയ അധ്യക്ഷനായി കോൺഗ്രസ് പ്രവർത്തകർ കാത്തിരിക്കുമ്പോൾ മറുവശത്ത് ബിജെപിയിലേക്കുള്ള നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവും ഒടുവിൽ മുൻ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ഭുബാനേശ്വർ കലിത്തയാണ് ബിജെപിയിൽ ചേർന്നത്. ജമ്മു കശ്മീർ വിഷയത്തിലെ പാർട്ടി നിലപാടിൽ പ്രതിശേധിച്ച് കഴിഞ്ഞ ദിവസമാണ് ഭുബനേശ്വർ രാജ്യസഭ ചീഫ് വിപ്പ് പദവി രാജിവച്ചത്.

സഞ്ജയ് സിങ്ങിന് ശേഷം ബിജെപിയിൽ അംഗത്വമെടുക്കുന്ന രണ്ടാമത്തെ രാജ്യസഭാ അംഗമാണ് ഭുബനേശ്വർ കലിത്ത. അമേഠി രാജകുടുംബത്തിൽ അംഗമായ സഞ്ജയ് സിങ് നേരത്തെ ബിജെപിയിലേക്ക് കൂടുമാറിയിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയാണ് ഭുബനേശ്വർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മറ്റ് മുതിർന്ന നേതാക്കന്മാർ എന്നിവരുടെ സാനിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.

കശ്മീർ വിഷയത്തിൽ സര്‍ക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഭുബനേശ്വറിന്റെ രാജി. കശ്മീർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഒപ്പിട്ട ശേഷം അപ്രതീക്ഷിതമായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നയിഡു ഭുബനേശ്വറിന്റെ രാജി പ്രഖ്യാപനം സഭയെ അറിയിക്കുകയായിരുന്നു. ഭുബനേശ്വർ കാലിതക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഇദ്ദേഹവും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്നും പാര്‍ട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും ഭുവനേശ്വര്‍ കലിത്ത പറഞ്ഞിരുന്നു. പാര്‍ട്ടിയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നാശത്തില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook