ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി വിവാഹിതനായി. മുൻമന്ത്രി എം.കൃഷ്ണപ്പയുടെ സഹോദരന്റെ മകൾ രേവതിയാണ് വധു. ബെംഗളൂരുവിൽനിന്നും 55 കിലോമീറ്റർ അകലെയുളള രാമംഗര ജില്ലയിലെ ഫാംഹൗസിൽവച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Read Also: കോവിഡ് പ്രതിരാേധം: കേരളം ലോകത്തിനു മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര
ചടങ്ങിൽ 60-70 ആളുകൾ പങ്കെടുത്തതായാണ് ജെഡിഎസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. വിവാഹ സ്ഥലത്തേക്ക് എത്തരുതെന്ന് പാർട്ടി പ്രവർത്തകരോടും ബന്ധുക്കളോടും മറ്റു അഭ്യുദയകാംക്ഷികളോടും ഇന്നലെ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ”ബെംഗളൂരുവിലെ വീട്ടിൽ വിവാഹം നടത്തിയാൽ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടാണ്. അതിനാലാണ് ഫാംഹൗസിലേക്ക് വിവാഹം മാറ്റിയത്. കോവിഡ് പോസിറ്റീവ് കേസുകൾ ധാരാളമുളളതിനാൽ ബെംഗളൂരുവിനെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹ വേദി മാറ്റാൻ ഇതും കാരണമാണ്,” കുമാരസ്വാമി പറഞ്ഞു. കൊറോണ വൈറസ് ഭീതി ഒഴിയുന്ന സാഹചര്യത്തിൽ രാമംഗര ജില്ലയിൽ റിസപ്ഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് എത്തിയ എല്ലാവരെയും സ്ക്രീനിങ് ചെയ്തതായും വേദിയിൽ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും കുമാരസ്വാമിയുടെ മീഡിയ സെക്രട്ടറി കെ.സി.സദാനന്ദ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം മാസ്കും സാനിറ്റൈസറും നൽകിയതായും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ മണ്ഡലമായ മാണ്ഡ്യയിൽനിന്നും മത്സരിച്ചുകൊണ്ട് 2019 ലാണ് നിഖിൽ കുമാരസ്വാമി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുമലത അംബരീഷിനോട് തോറ്റിരുന്നു. സിനിമാതാരം കൂടിയാണ് നിഖിൽ.
Read in English: Amid lockdown, former CM Kumaraswamy’s son gets married in ‘simple ceremony’