കൊല്‍ക്കത്ത : കോടതി അലക്ഷ്യത്തിന് തടവ് ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഹൈക്കോടതി ജസ്റ്റിസ് സിഎസ് കര്‍ണന്‍ നാളെ ജയില്‍ മോചിതനാകും. ആറുമാസത്തെ ജയില്‍വാസത്തിനു ശേഷമാണ് കര്‍ണന്‍ ജയില്‍ മോചിതനാകുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സംഭവത്തില്‍ സുപ്രീംകോടതിയാണ് മുന്‍ ജസ്റ്റിസിന് തടവ് ശിക്ഷ വിധിക്കുന്നത്. ഒരു മാസത്തോളം നീണ്ട ഒളിവുജീവിതത്തിന് ശേഷം ജൂണ്‍ 20നു കോയമ്പത്തൂരില്‍ വച്ചാണ് പൊലീസ് കര്‍ണനെ അറസ്റ്റ് ചെയ്യുന്നത്.

” അദ്ദേഹത്തെ (കര്‍ണനെ) നാളെയാണ് ജയില്‍മോചിതനാക്കുക. അദ്ദേഹത്തെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലുവാനായി ഞാനും നാളെ കൊല്‍ക്കത്തയിലെത്തും” കര്‍ണന്റെ ഭാര്യ സരസ്വതി കര്‍ണന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ചെന്നൈ കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ അദ്ധ്യാപികയായ സരസ്വതി കര്‍ണന്‍ ഭര്‍ത്താവിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നും അറിയിച്ചു. ഇന്ത്യാ ചരിത്രത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജ് ആണ് ജസ്റ്റിസ് കര്‍ണന്‍. മേയ് 9നാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിനു സുപ്രീംകോടതി തടവ് ശിക്ഷ വിധിക്കുന്നത്.

മാസങ്ങളോളം സുപ്രീംകോടതിയുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട കര്‍ണനെതിരെ കോടതിയലക്ഷ്യ കേസില്‍ വിധി പറയുന്നത് ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിന്‍റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബഞ്ചാണ്.

1983ല്‍ തമിഴ്‌നാട്‌ ബാര്‍ കൗണ്‍സിലില്‍ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ച കര്‍ണന്‍ 2009ലാണ് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജ് ആയി നിയമിതനാകുന്നത്. 2016 മാര്‍ച്ച് 11ന് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജായി സ്ഥലംമാറ്റുന്നു. ചീഫ്ജസ്റ്റിസടക്കമുള്ള ജഡ്ജുകള്‍ക്കെതിരായ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ