മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി ബിജെപി വിട്ട ലോക്‌സഭാംഗം നാന പതോൾ കോൺഗ്രസിൽ. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്സഭ സീറ്റിൽ നിന്നുള്ള അംഗമായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങളിലലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് നാന പതോളിനെ ചൊടിപ്പിച്ചത്.

2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പതോൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ കാർഷിക നയങ്ങളിലെ വിയോജിപ്പുകളെ തുടർന്നായിരുന്നു രാജി. കോൺഗ്രസിലേക്ക് തിരികെ വന്ന പതോൾ, സംസ്ഥാന തലത്തിലോ അല്ലെങ്കിൽ ദേശീയ തലത്തിലോ എന്ത് ചുമതല നൽകിയാലും വഹിക്കുമെന്ന് വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് രാജിവച്ച പതോൾ, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കൊപ്പം തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചിരുന്നു. ജനുവരി മൂന്നിനാണ് ഇദ്ദേഹം കോൺഗ്രസിൽ അംഗത്വം നേടിയതെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന മോഹൻ പ്രകാശ് പറഞ്ഞു.

ബിജെപിയിൽ ആയിരുന്നപ്പോഴും രാഹുൽ ഗാന്ധി കാർഷിക വിഷയങ്ങളിൽ ഉയർത്തിയ അതേ നിലപാടാണ് പതോൾ സ്വീകരിച്ചിരുന്നതെന്ന് മോഹൻ പ്രകാശ് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ