ഗുവാഹത്തി: ജോലിയില്‍ നിന്ന് വിരമിച്ചയുടനെ അസം ഡിജിപി  കാക്കി അഴിച്ചുവച്ചു പോയത് സ്കൂളിലേക്കാണ്. വീണ്ടും പഴയ കുട്ടിയായി പഠിക്കാനല്ല, പുതിയ കുട്ടികളെ പഠിപ്പിക്കാന്‍.

അസമിലെ മുന്‍ ഡിജിപിയായ മുകേഷ് സഹായ്ക്കാണ് പൊലീസില്‍ നിന്ന് കണക്ക് അധ്യാപകനായി പ്രൊമോഷന്‍ ലഭിച്ചത്. 34 വര്‍ഷം ഡിജിപിയായി പ്രവര്‍ത്തിച്ച സഹായ് ഇപ്പോള്‍ ഗുവാഹത്തിയിലെ സൊനാരം ഹയർ സെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപകനാണ്. മെയ്‌ ഒന്നിന് ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച സഹായ്, മെയ്‌ ഏഴിനാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്.

2016ല്‍ സ്കൂളില്‍ നടന്ന ഒരു പരിപാടിക്ക് മുഖ്യാതിഥിയായെത്തിയത് ഡിജിപി ആയിരുന്ന സഹായ് ആയിരുന്നു. അന്ന് സംസാരിക്കുന്നതിന്‍റെ ഇടയിലാണ് പ്രധാനധ്യാപകനായ ദ്വിന്‍ജേന്ദ്രനാഥ് ബർതാകൂർ സ്കൂളിലെ അധ്യാപകന്‍റെ ഒഴിവിനെപ്പറ്റി സൂചിപ്പിച്ചത്. അത് കേട്ടയുടനെ സഹായ് പഠിപ്പിക്കാനുള്ള തന്‍റെ ആഗ്രഹം അറിയിക്കുകയായിരുന്നു. പാഠപുസ്തകങ്ങള്‍ അയച്ച് കൊടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അന്ന് ജോലിത്തിരക്ക് കാരണം അത് സാധ്യമായില്ല. എന്നാല്‍ പൊലീസില്‍ നിന്ന് വിരമിച്ചയുടനെ സഹായ് നേരെ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

“ഞാന്‍ ഇതിന് മുമ്പ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഒരു പൊലീസ് പരിശീലകനായിരുന്നതിന്‍റെ അനുഭവമുള്ളത് വളരെ സഹായകരമാകുന്നുണ്ട്. ചെറുപ്പത്തില്‍ കാശുണ്ടാക്കാന്‍ ഒഴിവു സമയങ്ങളില്‍ ഞാന്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നു ,” അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എല്ലാ ദിവസവും മുന്‍ ഡിജിപി മുടങ്ങാതെ സ്കൂളില്‍ ഹാജരാകുന്നത് കുട്ടികളെ കാല്‍കുലസ് പഠിപ്പിക്കാനാണ്.

“കാല്‍കുലസ് എനിക്ക് ഇഷ്ടമായിരുന്നത് കൊണ്ട് അത് പഠിപ്പിക്കാന്‍ അധികം ബുദ്ധിമുട്ട് തോന്നാറില്ല. പക്ഷേ എല്ലാ ദിവസവും എനിക്ക് പഠിക്കേണ്ടി വരും. നമ്മുടെ പഠനം ഒരിക്കലും അവസാനിക്കുന്നില്ലല്ലോ,” അദ്ദേഹം പറഞ്ഞു.

1894 ൽ സ്ഥാപിതമായ സ്കൂള്‍ അസമിലെ വളരെ പ്രശസ്തമായ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. മുന്‍ അസം മുഖ്യമന്തിയായ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയിയും, സാഹിത്യകാരനായിരുന്ന ഹേമചന്ദ്ര ഗോസ്വാമിയും പഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു.

പുതിയ അധ്യാപകന്‍റെ അധ്യാപനത്തില്‍ കുട്ടികളും വളരെ സന്തുഷ്ടരാണ്. സാധാരണക്കാരനെപ്പോലെയാണ് സഹായ് തങ്ങളോട് ഇടപഴകുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുന്നതെന്നാണ് ബർതാകൂറിന്‍റെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ