അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയ് അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 5.34ഓടെയാണ് തരുൺ ഗോഗോയുടെ മരണം എന്ന് അസം ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.

തരുൺ ഗോഗോയുടെ ഒരു പഴയകാല ചിത്രം

“വൈകുന്നേരം 5.34 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്,” ശർമ്മ ഗുവാഹത്തി മെഡിക്കൽ കോളേജിന് പുറത്ത് വച്ച് പറഞ്ഞു. നിലവിലെ തീരുമാനം അനുസരിച്ച് മൃതദേഹം ചൊവ്വാഴ്ച ഗുവാഹത്തിയിലെ സാംസ്കാരിക സ്ഥാപനമായ ശ്രീമന്ത ശങ്കർദേവ കലഖേത്രയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മരണവാർത്ത അറിഞ്ഞ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ ശേഷം ദിബ്രുഗഡിൽ നിന്ന് ഗുവാഹത്തിയിലേക്ക് തിരിച്ചു. അദ്ദേഹം എല്ലായ്പ്പോഴും എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. സുഖം പ്രാപിക്കാനായി ഞാൻ ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം പ്രാർത്ഥിച്ചിരുന്നു, ”സോനോവൽ ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് അവസാനത്തോടെയാണ് ഗോഗോയിക്ക് കോവിഡ് രോഗം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായപ്പോൾ പ്ലാസ്മ തെറാപ്പി നൽകിയിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും അദ്ദേഹത്തിന് കോവിഡിന് ശേഷമുള്ള സങ്കീർണതകൾ നേരിടേണ്ടി വന്നു.

തരുൺ ഗോഗോയുടെ ഒരു പഴയകാല ചിത്രം

നവംബർ 2 മുതൽ അദ്ദേഹം വെന്റിലേഷനിലായിരുന്നു, പക്ഷേ ശനിയാഴ്ച അദ്ദേഹത്തെ ഇൻവേസീവ് വെന്റിലേഷനു വിധേയമാക്കിയിരുന്നു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഗോഗോയിയുടെ മകനും എം‌പിയുമായ ഗൗരവ് ഗോഗോയിയെ വിളിച്ച് പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഗൗരവിനെ വിളിച്ചിരുന്നു. മുതിർന്ന അസം മന്ത്രിമാരും പ്രധാന രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലെത്തി ഗോഗോയിയുടെ കുടുംബത്തെ സന്ദർശിച്ചു.

കോവിഡ് രോഗം നിർണയിക്കുന്നതിന് മുൻപ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഗോഗോയ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്ന ഒരു ‘ഗ്രാൻഡ് അലയൻസ്’ രൂപീകരിക്കുന്നതിനുള്ള കോൺഗ്രസ് ശ്രമത്തിന്റെം മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു.

2001ലാണ് ഗോഗോയ് അസം മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റത്. ആ തവണ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച അദ്ദേഹം തുടർച്ചയായി രണ്ട് തവണകൂടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ അടക്കം അസം മുൻ മുഖ്യമന്ത്രിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook