ദോഹ: അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയും താലിബാനും തമ്മില്‍ കരാറൊപ്പിട്ടു. താലിബാന് തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ 14 മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയും നാറ്റോയും സൈന്യത്തെ പിന്‍വലിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നുള്ള വാഗ്ദാനം പാലിക്കാന്‍ താലിബാനോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കരാര്‍ ഒപ്പിട്ടശേഷം ആവശ്യപ്പെട്ടു.
കരാര്‍ പ്രകാരം അമേരിക്ക, അഫ്ഗാനിസ്ഥാന് സര്‍ക്കാരുകള്‍ 5000-ത്തോളം തടവുകാരേയും താലിബാന് ആയിരത്തോളം തടവുകാരേയും മാര്‍ച്ച് 10-നകം വിട്ടയക്കും. ആദ്യ 135 ദിവസത്തിനകം അഞ്ച് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിക്കും.
അതേസമയം, ഇന്ത്യ അഫ്ഗാനിസ്ഥാനൊപ്പമാണെന്ന സന്ദേശവുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ഷ്രിംഗ്ല കാബൂളിലെത്തി.
ദേശീയ ഐക്യവും രാജ്യത്തിന്റെ ഏകീകരണവും ജനാധിപത്യം, ബഹുസ്വരത, സമൃദ്ധി എന്നിവയും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാനൊപ്പമുണ്ടെന്ന് ഷ്രിംഗ്ല അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയോട് പറഞ്ഞു. വിദേശ പിന്തുണയോടെയുള്ള ഭീകരവാദത്തിന് അവസാനമുണ്ടാക്കുന്നതിനും ഇന്ത്യ പിന്തുണയറിച്ചു. പാക് പിന്തുണയോടെയുള്ള ഭീകരവാദത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
Read Also: ഡൽഹി അക്രമം: അറുപതുകാരനെ മർദിച്ചുകൊന്നു, മരണം 42
അഫ്ഗാനിസ്ഥാന് ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള, നിയുക്ത വൈസ് പ്രസിഡന്റ് അമ്രുള്ള സാലേഹ്, വിദേശ കാര്യമന്ത്രി ഹാറൂണ്‍ ഷഖന്സൂരി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബ് എന്നിവരെയും വിദേശകാര്യ സെക്രട്ടറി സന്ദര്‍ശിച്ചു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലെ ദീര്‍ഘകാലമായുള്ള ബന്ധത്തെക്കുറിച്ചും ഷ്രിംഗ്ല നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. സ്വതന്ത്രവും പരമാധികാരവും ജനാധിപത്യവും ബഹുസ്വരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ അഫ്ഗാനിസ്ഥാന് മേഖലയില്‍ സമാധാനവും സമൃദ്ധിയും ഉണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം ഷഖന്സൂരിയു ഷ്രിംഗ്ലയും ചര്‍ച്ച ചെയ്തു.
Read Also: വേറെ ആരായാലും എന്നെ തേച്ചിട്ട് പോയേനെ; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് സുജോ
യുഎസ്-താലിബാന് കരാര്‍ ഒപ്പിടുന്ന ദോഹയിലേക്കും ഇന്ത്യ പ്രതിനിധിയെ അയച്ചിരുന്നു.
ഇതാദ്യമായിട്ടാണ് താലിബാന് പ്രതിനിധികളുള്ള വേദിയില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയും പങ്കെടുത്തത്. അഫ്ഗാനിസ്ഥാനില്‍ 1996 മുതല്‍ 2001 വരെ താലിബാന് അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യ ഈ ഭരണകൂടത്തെ അംഗീകരിച്ചിരുന്നില്ല.
കരാര്‍ ഒപ്പിടുന്ന ചടങ്ങിലേക്ക് ഖത്തര്‍ ഇന്ത്യയെ ക്ഷണിച്ചിരുന്നുവെന്നാണു വിവരം. ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷമാണ് ഖത്തറിലെ ഇന്ത്യയിലെ അംബാസിഡര്‍ പി കുമാരനെ അയക്കാന്‍ തീരുമാനമായത്.