ലക്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇടംപിടിച്ച ഇന്ത്യയുടെ അഭിമാനസ്തംഭമായ താജ്മഹലില്‍ സന്ദര്‍ശകരുടെ എണ്ണം കുത്തനെ കുറഞ്ഞു. താജ്മഹലിനോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന അവഗണനയ്ക്കിടെയാണ് വിനോദസഞ്ചാരികളുടെ എണ്ണവും കുറയുന്നത്. തൂവെളള നിറമായിരുന്ന താജ്മഹലിന്റെ മാര്‍ബിളുകള്‍ മഞ്ഞ നിറം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം അധിനിവേഷക്കാര്‍ നിർമിച്ചതാണെന്ന് ആരോപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ താജ്മഹലിന് വേണ്ടി ഫണ്ട് ചെലവഴിക്കാത്തതും ഈ പൈതൃക സ്മാരകത്തിന് തിരിച്ചടിയായി.

ഇന്ത്യന്‍ സംസ്കാരമല്ല താജ്മഹല്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരസ്യമായി രംഗത്ത് വന്നിരുന്നു. സാംസ്കാരിക പൈതൃക സ്മാരകങ്ങള്‍ക്ക് നല്‍കാറുളള ഫണ്ടുകളൊന്നും തന്നെ താജ്മഹലിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞയാഴ്ച പുറത്തുവന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിനാദസഞ്ചാര ബ്രോഷറിലും ഇന്ത്യയുടെ അഭിമാന സ്മാരകത്തിന്റെ പേരോ ഫോട്ടോയോ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് വിവാദമായി മാറിയപ്പോഴും യോഗി മൗനം പാലിച്ചു. എന്നാല്‍ താജ്മഹലിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടത്തുമെന്ന് യോഗി ഇന്ന് കേരളത്തില്‍ വ്യക്തമാക്കി. ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിച്ച താജ്മഹലിനെ എന്ത് കൊണ്ടാണ് സര്‍ക്കാര്‍ അവഗണിക്കുന്നതെന്ന് വിദേശമാധ്യമങ്ങളിലും വാര്‍ത്തയായിട്ടുണ്ട്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണികഴിപ്പിച്ച കുടീരം ശിവക്ഷേത്രം ആയിരുന്നെന്ന് സംഘപരിവാര്‍ നേതാക്കള്‍ നേരത്തേ വാദിച്ചിരുന്നു. എന്നാല്‍ താജ്മഹല്‍ ശിവക്ഷേത്രം അല്ലെന്നും ശവകുടീരമാണെന്നും ആഗ്ര കോടതിയില്‍ പുരാവസ്തു വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ യഥാര്‍ത്ഥ പേര് തേജോ മഹാലയ എന്നാണെന്നും ഇത് ഹിന്ദു ക്ഷേത്രം ആണെന്നും കാണിച്ച് 2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ്​ അഭിഭാഷകർ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കുടീരത്തിനകത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്നും ആരാധനയ്ക്ക് സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2015 നവംബറിൽ ​കേന്ദ്ര സാംസ്​കാരിക വകുപ്പ്​ താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമുള്ളതിന്​ തെളിവുകളില്ലെന്ന്​ ലോക്​സഭയിൽ വ്യക്​​തമാക്കിയിരുന്നു. ഡിസംബർ 22ലെ ഉത്തരവ്​ പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്​മെന്റ് താജ്​മഹൽ സംരക്ഷിത സ്​മാരകമായി സംരക്ഷിക്കുകയാണ്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ