ന്യൂഡൽഹി: ജനാധിപത്യത്തെ സ്നേഹിക്കുന്നതും മുതലാളിത്തത്തെ ബഹുമാനിക്കുന്നതുമായ അന്തരീക്ഷമുള്ള ഇന്ത്യയേക്കാൾ മികച്ചൊരു ഇടം നിക്ഷേപകർക്ക് ലോകത്ത് കണ്ടെത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ‌എം‌എഫിന്റെ ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു.

“ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കാൻ ഏറ്റവും മികച്ച മാനവവിഭവശേഷിയും സർക്കാരും ഇവിടെയുണ്ട്. എല്ലാത്തിനും മുകളിൽ ജനാധിപത്യവും നിയമവാഴ്ചയുമുണ്ട്,” എന്തുകൊണ്ട് ഇന്ത്യ നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാകുന്നു എന്ന് വിശദീകരിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു.

“കോടതി സംവിധാനം അൽപ്പം വൈകിയാലും ഇന്ത്യ സുതാര്യവും തുറന്നതുമായ സമൂഹമാണ്. നിയമ സംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കാലതാമസം കുറയ്ക്കുന്നതിനായി ധാരാളം പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്,” നിക്ഷേപകർ എന്തിനാണ് ഇന്ത്യയ്ക്ക് ഫണ്ട് അനുവദിക്കേണ്ടതെന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

“അതിനാൽ നിങ്ങൾക്ക് ഇതിലും മികച്ചത് മറ്റൊന്നില്ല … ജനാധിപത്യം ഇഷ്ടപ്പെടുന്ന, മുതലാളിത്തത്തെ ബഹുമാനിക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയിൽ.”

ഈ മേഖലയിലെ നിക്ഷേപത്തിന്റെ പരിധി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി “മൂലധനം നീക്കം ചെയ്യുന്നതിനപ്പുറം ഈ മേഖലയുടെ പ്രതീക്ഷകൾ എന്താണെന്ന് സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്” അവർ പറഞ്ഞു.

ഈ വിഷയത്തിൽ ഏതു തരം ആശയവിനിമയങ്ങൾക്കും താൻ തുറന്ന മനസോടെ തയ്യാറാണെന്നും എന്നാൽ ഇതു സംബന്ധിച്ച് നിലവിൽ ഒരു ഉറപ്പ് തരാനാകില്ലെന്നും അവർ പറഞ്ഞു.

ഈ സർക്കാർ എല്ലാവരുമായും ആഴ്ചതോറും ഇടപഴകുന്നുണ്ടെന്നും കോർപ്പറേറ്റ് മേഖലയോടോ നിക്ഷേപകരോടോ യാതൊരു വിധ വിശ്വാസക്കുറവും സർക്കാരിനില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഈ സർക്കാർ കേൾക്കാൻ തയാറാണെന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook