കോയമ്പത്തൂര്‍: വ്യോമസേനാ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ലൈംഗികാതിക്രമത്തിനിരയായ യുവ വ്യോമസേനാ ഉദ്യോഗസ്ഥ. നിരോധിച്ച വിരല്‍ പരിശോധനയ്ക്കു വിധേയമാക്കിയതയായും ഫ്ളൈറ്റ് ലഫ്റ്റനന്റിനെതിരായ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതായുമാണ് ആരോപണം. വ്യോമസേനാ അഡ്മിനിസ്ട്രേറ്റീവ് കോളജിലെ ഉദ്യോഗസ്ഥയായ ഇരുപത്തിയെട്ടുകാരിയുടേതാണ് പരാതി.
ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഓള് വുമണ്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ 10 -നു നടന്ന സംഭവത്തില്‍ 20 വരെ കോളജ്് കമാന്‍ഡന്റ്് ഉള്‍പ്പെടെയുള്ള വ്യോമസേനാ അധികൃതര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയത്. സെപ്്റ്റംബര്‍ 25 നു പൊലീസ് അറസ്റ്റ് ചെയ്ത കുറ്റാരോപിതന് അമിത് ഹര്‍മുഖ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബലാത്സംഗം സ്ഥിരീകരിക്കുന്നതിനു വ്യോമസേനാ ആശുപത്രിയില്‍ തന്നെ ‘രണ്ടു വിരല്‍’ പരിശോധനയ്ക്ക് വിധേയയാക്കിയതായി യുവതി ആരോപിച്ചു. ഏതാനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സുപ്രീം കോടതി നിരോധിച്ചതാണ് ഈ പരിശോധന.
പരാതിക്കാരിയും കുറ്റാരോപിതനും ചത്തീസ്ഗഡ് സ്വദേശികളാണ്. ഒരു പരിശീലന കോഴ്സിന്റെ ഭാഗമായിരുന്ന ഇരുവരും സെപ്റ്റംബര്‍ ഒന്പതിനു രാത്രി ഉദ്യോഗസ്ഥരുടെ മെസ്സില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കാലിനേറ്റ പരുക്ക് മാറാന്‍ മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്ന തന്നെ, മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് പുലര്‍ച്ചെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. സംഭവം തന്റെ ബാച്ചിലുള്ള രണ്ടു ഉദ്യോഗസ്ഥരോട് പറഞ്ഞതായും മൂവരും തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തതായും പരാതിയില്‍ പറയുന്നു.
Also Read: ‘കോൺഗ്രസിൽനിന്ന് പോകുന്നു, ബിജെപിയിലേക്കില്ല’: അമരീന്ദർ സിങ്
സംഭവം വിങ് കമാന്‍ഡറെ അറിയിക്കുകയും അദ്ദേഹം വനിതാ വിങ് കമാന്‍ഡര്‍ക്കൊപ്പം മുറിയിലേക്ക് വരികയും ചെയ്തു. കുടുംബത്തിന്റെ പേരും പ്രശസ്തിയും ഉള്‍പ്പെടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനായിരുന്നു ‘ഉപദേശം’. ഇതിന്റെ അടിസ്ഥാനത്തില്‍, സുഹൃത്തുമായി ആശയവിനിമയം നടത്തിയ ഉദ്യോഗസ്ഥ പരാതിയിലേക്കു കടന്നില്ല.
എന്നാല്‍, ഉദ്യോഗസ്ഥയെ വീണ്ടും സമീപിച്ച ഇരു വിങ് കമാന്‍ഡര്‍മാരും പരാതി നല്‍കുകയോ അതല്ലെങ്കില്‍ പരസ്പര സമ്മതത്തോടെയാണു സംഭവം നടന്നതെന്ന് എഴുതി നല്‍കുകയയോ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥയെ വൈകിട്ട് ആശുപത്രിയില്‍ വിരല്‍ പരിശോധനയ്ക്കു വിധേയമാക്കി.
ടെസ്റ്റ് നെഗറ്റീവാണെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെ കേസ് രേഖാമൂലം പിന്‍വലിക്കാന്‍ കമാന്‍ഡന്റ് ആവശ്യപ്പെട്ടുവെന്നാണ്് എഫ്ഐആറില്‍ പറയുന്നത്. പരാതിയുമായി മുന്നോട്ടുപോയാല്‍ അത് മാധ്യമങ്ങളില്‍ നിറയുമെന്നും വ്യോമസേനയ്ക്കും ഉദ്യോഗസ്ഥയ്ക്കും അപകീര്‍ത്തിയുണ്ടാക്കുമെന്നും കമാന്‍ഡന്റ് പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു.
എന്നാല്‍ ഉദ്യോഗസ്ഥ പരാതിയുമായി സെപ്റ്റംബര്‍ 20 നു സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ പോകുകയും തുടര്‍ന്ന് ഓള് വുമണ്‍ പൊലീസ് സ്റ്റേഷനും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍, വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. വിഷയം കോടതിയിലായതിനാല്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമസേന കോടതിയില്‍ ഹര്‍ജി നല്കി. കോര്‍ട്ട് മാര്‍ഷ്യല്‍ നടത്താന്‍ കഴിയുന്ന സൈനിക കോടതിയാണ് മാത്രമാണ് അധികാരപരിധിയെന്നും കുറ്റാരോപിതനെ വ്യോമസേനയ്ക്കു കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.