ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ‘വളരെ ഗൗരവമുള്ള’ വിഷയമാണെന്നു സുപ്രീം കോടതി. വിഷയം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ഥായ ശ്രമം നടത്തണമെന്നു കോടതി നിര്‍ദേശിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ‘വളരെ വിഷമകരമായ സാഹചര്യം’ ഉടലെടുക്കുമെന്നു ജസ്റ്റിസുമാരായ എം ആര്‍ ഷായും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ഈ പ്രവണത തടയുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെട്ടു.
”ഇതു വളരെ ഗൗരവമുള്ള കാര്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രം ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ വളരെ വിഷമകരമായ സാഹചര്യം വരും. നിങ്ങള്‍ എന്ത് നടപടിയാണ് നിര്‍ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയൂ…. നിങ്ങള്‍ ഇടപെടണം,” കോടതി പറഞ്ഞു.
‘ഇത് രാഷ്ട്രത്തിന്റെ സുരക്ഷയെയും മതത്തിന്റെയും മനസാക്ഷിയുടെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്‌നമാണ്. അതിനാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ എന്ത് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും എതിര്‍പ്പ് ഫയല്‍ ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. ‘ബെഞ്ച് പറഞ്ഞു.
”ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയും പാരിതോഷികങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയുള്ള’ വ്യാജ മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.