ലഖ്നൗ: ഉത്തർപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ തുടങ്ങിയവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. തീവ്ര ഹിന്ദുത്വ നിലപാടുകളുളള യോഗി ആദിത്യനാഥ് ഉത്തർപ്രദേശിനെ വികസനത്തിന്റെ പുതിയ പാതയിലൂടെ നയിക്കുമെന്ന് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മന്ത്രം പിന്തുടരുമെന്നും യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി പറഞ്ഞു. ‘എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ (സബ്‌കെ സാഥ്, സബ്‌കെ വികാസ്) എന്ന മോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് യുപി നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഭരണം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ആദിത്യനാഥ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടി എംഎൽഎമാർക്ക് യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു.

ഗൊരഖ്പുരിൽ നിന്നുള്ള ലോക്‌സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ