ന്യൂഡൽഹി: 100 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ സയൻസ് കോൺഗ്രസ്, വിദ്യാർത്ഥികളുടെ പ്രതിഷേധം ഭയന്ന് മാറ്റിവച്ചു. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയാണ് ഒസ്‌മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ രോഷം ഭയന്ന് മാറ്റിയത്.
ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ പ്രസിഡന്റ് അച്യുത് സാമന്ത നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പാണ് പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് സുരക്ഷാ ഭീഷണി നേരിട്ടതിനെ തുടർന്നാണ് തീരുമാനം. തെലങ്കാനയിൽ സംവരണ ചട്ടങ്ങൾ നടപ്പിലാക്കിയില്ലെന്ന പരാതിയും പ്രതിഷേധക്കാർക്കുണ്ട്.
“ചൊവ്വാഴ്ച രാത്രിയാണ് ഒസ്മാനിയ സർവ്വകലാശാല വൈസ് ചാൻസലർ ഞങ്ങളെ വിവരം അറിയിച്ചത്. നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സയൻസ് കോൺഗ്രസ് മാറ്റിവയ്ക്കുന്നത്. അതും സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന്. ഒരു കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതേ ചുറ്റിപ്പറ്റി അവിടെ പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്”, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ.ഗംഗാധർ പറഞ്ഞു.
ഡിസംബർ മൂന്നിനാണ് എരാമിന മുരളി എന്ന എംഎസ്‌സി ഫിസിക്സ് വിദ്യാർത്ഥി കോളേജ് ക്യാംപസിൽ ആത്മഹത്യ ചെയ്തത്. പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നാണ് ഇയാൾ ആത്മഹത്യ കുറിപ്പിൽ പറഞ്ഞത്. എന്നാൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം സംവരണം നടപ്പിലാക്കാതെ വന്നതിനെ തുടർന്ന് തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് എരാമിന മുരളിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മറ്റ് വിദ്യാർത്ഥികളുടെ ആരോപണം.