ന്യൂഡൽഹി: ഐക്യത്തിന്റെ അടയാളമായി കേന്ദ്രസർക്കാർ പണികഴിപ്പിക്കുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റൻ പ്രതിമയ്ക്കായി പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് വൻ തുക പിരിക്കുന്നു. കമ്പനികളിൽ നിന്ന് 200 കോടി രൂപ പിരിക്കാനാണ് പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്തിൽ നർമ്മദ ജില്ലയിൽ സർദാർ സരോവർ ഡാമിന് തെക്കു ഭാഗത്തുള്ള സാദു ബെറ്റ് ദ്വീപിലാണ് 180 മീറ്റർ ഉയരമുള്ള പ്രതിമ പണികഴിപ്പിക്കുന്നത്. ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവർ 50 കോടി വീതമാണ് പ്രതിമയ്ക്കായി നൽകുന്നത്. സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിൽ നിന്നാണ് ഈ തുക ഇരു സ്ഥാപനങ്ങളും അനുവദിച്ചിരിക്കുന്നത്.

മറ്റുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 25 കോടി വീതം നൽകാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഈ നിർദ്ദേശം കഴിഞ്ഞ മാർച്ച് മാസത്തിലാണ് കമ്പനികൾക്ക് കൈമാറിയതെന്ന് ഗെയ്ൽ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഗെയ്ൽ ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ 25 കോടി വീതം നൽകും.

1040 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രതിമ നിർമ്മാണത്തിന്റെ അഞ്ചിലൊന്ന് തുക മാത്രമേ എണ്ണക്കമ്പനികളിൽ നിന്ന് പിരിക്കുന്നുള്ളൂവെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി കെ.ഡി.ത്രിപദി പറഞ്ഞു.

ഗുജറാത്ത് സംസ്ഥാനത്തിന് കീഴിലെ 14 പൊതുമേഖലാ സ്ഥാപനങ്ങൾ 104 കോടി രൂപ പദ്ധതിക്കായി സമാഹരിച്ചിട്ടുണ്ട്. ഗുജറാത്ത് വ്യാവസായിക വികസന കോർപ്പറേഷൻ 17 കോടിയും ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് 16 കോടിയും ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ 15 കോടിയും പദ്ധതതിക്കായി നൽകുന്നുണ്ട്.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയായാവും അറിയപ്പെടുക. ലാർസൻ ആന്റ് ടർബോയ്ക്കാണ് പ്രതിമ നിർമ്മാണത്തിന്റെ 2989 കോടിയുടെ കരാർ നൽകിയിരിക്കുന്നത്. 2018 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാകണമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook