വാരണാസി: വെറും ആയിരം രൂപയ്ക്ക് വേണ്ടി യുവതിയെയും മകനെയും മോഷ്ടാക്കൾ ഓടുന്ന ട്രയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ചൊവ്വാഴ്ച രാത്രി ഉത്തർപ്രദേശിലെ മുഗൾസരായിക്ക് സമീപം വ്യാസനഗർ റയിൽവെ ക്രോസിലാണ് സംഭവം.

മമത, മകൻ അജയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വാരണാസി ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ ഇരുവരും അപകടനില ഇപ്പോൾ തരണം ചെയ്തിട്ടുണ്ട്. കൊൽക്കത്തയ്ക്കും ലഖ്‌നൗവിനും ഇടയിൽ സർവ്വീസ് നടത്തുന്ന വേനൽക്കാല പ്രത്യേക തീവണ്ടിയിൽ അസൻസോളിൽ നിന്നും ബറേലിയിലേക്ക് പോവുകയായിരുന്നു ഇരുവരും.

രാത്രി അജ്ഞാതരായ രണ്ട് പേർ ചേർന്ന് മമതയുടെ പണം തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെറുത്തപ്പോൾ ഇവരെ ട്രയിനിൽ നിന്ന് പുറത്തേക്ക് തളളിയിടുകയുമായിരുന്നു.

“സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് മമതയുടെത്. ഇരുവരും ട്രയിനിൽ വാതിൽപ്പടിയിലാണ് ഇരുന്നിരുന്നത്. ഈ സമയത്താണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. രാത്രി 10.30 യോടെയായിരുന്നു സംഭവം,” പൊലീസ് പറഞ്ഞു.

മമതയും മകനും രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മമതയുടെ മൊഴിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook