ന്യൂഡൽഹി: സ്വകാര്യ നിക്ഷേപങ്ങളിലൂടെ ഹൈവേ പദ്ധതികൾക്ക് പണം കണ്ടെത്താൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അഥവാ നിർമാണം , പ്രവർത്തനം, കൈമാറ്റം എന്ന രീതിയിൽ സ്വകാര്യ കമ്പനികൾക്ക് നിർമാണ പദ്ധതികൾ കൈമാറാനാണ് തീരുമാനം. ഈ പാദത്തിൽ തന്നെ കുറഞ്ഞത് രണ്ടു നവീകരണ പദ്ധതികൾ സ്വകാര്യ കമ്പനികൾക്ക് കൈമാറും.
ബിഒടി മോഡലിന് കീഴിൽ, സ്വകാര്യ കമ്പനിക്ക് ഒരു നിശ്ചിത കാലയളവിലേക്ക് (20 അല്ലെങ്കിൽ 30 വർഷത്തെ കാലയളവ്) ഒരു പദ്ധതിക്ക് ധനസഹായം കണ്ടെത്തുന്നതിനും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അവകാശം ലഭിക്കുന്നു. ഉപഭോക്തൃ ചാർജുകൾ അല്ലെങ്കിൽ റോഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ടോളുകൾ വഴി ഇവർക്ക് നിക്ഷേപം തിരിച്ചുപിടിക്കാനും അതുവഴി ഒരു നിശ്ചിത സാമ്പത്തിക അപകടസാധ്യത മറികടക്കാനും കഴിയും.
“കോവിഡ് കാലയളവിൽ റോഡ് നിർമ്മാണ പദ്ധതികൾക്ക് ഞങ്ങൾ പൊതുപണത്തിൽ നിന്ന് ധനസഹായം നൽകിയിട്ടുണ്ട്, ആവശ്യമെങ്കിൽ അത് തുടരും. സ്വകാര്യമേഖലയ്ക്ക് റോഡ് നിർമ്മാണ പദ്ധതികളിൽ താൽപ്പര്യമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, ഈ പാദത്തിൽ രണ്ട് പദ്ധതികൾ അവർക്ക് വാഗ്ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നു, ” റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ, റോഡ് നിർമ്മിക്കുന്ന കമ്പനിക്ക് ഫണ്ട് ഉറപ്പാക്കുന്ന ഹൈബ്രിഡ് ആന്വിറ്റി മോഡലിന് (എച്ച്എഎം) കീഴിൽ പദ്ധതികൾ നൽകുന്ന രീതി എൻഎച്ച്എഐ അവലംബിച്ചിരുന്നു, ഇത് ഒരു പരിധിവരെ സാമ്പത്തിക അപകടത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതാണ്. എച്ച്എഎം രീതിയിൽ, പദ്ധതിച്ചെലവിന്റെ 40 ശതമാനം സർക്കാർ സ്വകാര്യ കമ്പനിക്ക് നിർമാണ സഹായമായി നൽകുകയും ബാക്കി 60 ശതമാനം അവർ കണ്ടെത്തുകയും വേണം.
2011-12ൽ അനുവദിച്ച പദ്ധതികളിൽ 96 ശതമാനവും ബിഒടി (ടോൾ) രീതിയിൽ ആയിരുന്നു. എന്നാൽ ഇത് ക്രമേണ ഇല്ലാതായി. ബിഒടി പദ്ധതികളോടുള്ള താൽപര്യം കുറഞ്ഞു തുടങ്ങിയപ്പോൾ, റോഡ് നിർമ്മാണം പഴയ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) മോഡിലേക്ക് മാറി, പിന്നീട് എച്ച്എഎം മാതൃക രൂപപ്പെടുത്തി. ഇപിസി രീതിയിൽ, സർക്കാർ മുഴുവൻ ചെലവും നൽകുന്നു, ഇത് കരാറുകാരനെ പൂർണമായും ഒരു സാമ്പത്തിക അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു.
2020 ലാണ് ബിഒടി രീതിയിൽ റോഡ് നിർമാണ പദ്ധതികൾ ഏൽപ്പിക്കാൻ എൻഎച്ച്എഐ അവസാനമായി ശ്രമം നടത്തിയത്. ഒടുവിൽ 2021 മാർച്ചിലാണ് പദ്ധതികൾ പ്രീമിയം രീതിയിൽ കൈമാറിയത് (റോഡ് നിർമ്മിക്കുന്നതിനുപുറമെ, നിർമാതാക്കൾ സർക്കാരിന് പണം നൽകുന്നു), അതും ലേലത്തിന്റെ സമയപരിധിയിൽ രണ്ടു മൂന്ന് തവണ മാറ്റങ്ങൾ നടത്തിയ ശേഷവും കൂടുതൽ ഇൻസെന്റീവുകൾ നൽകിയ ശേഷവും ആയിരുന്നു.
ഇൻസെന്റീവുകളുടെ ഭാഗമായി, പദ്ധതിയുടെ വരുമാന സാധ്യതകൾ ഓരോ അഞ്ച് വർഷത്തിലും വിലയിരുത്താൻ സർക്കാർ തീരുമാനിച്ചു. അതായത് സ്വകര്യ കമ്പനിക്ക് വരുമാനം ഉറപ്പാക്കാൻ അവർക്ക് ടോൾ പിരിക്കാൻ കഴിയുന്ന കാലയളവ് കോൺട്രാക്ടിന്റെ തുടക്കത്തിൽ തന്നെ നീട്ടുന്നു.
ദേശീയ പാത നിർമാണം കേന്ദ്രം മുൻഗണന നൽകുന്ന മേഖലയാണ്. ഈ നടപ്പുസാമ്പത്തിക വർഷം 18,000 കിലോമീറ്റർ ഹൈവേകൾ നിർമിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 2020-21ൽ 13,327 കിലോമീറ്റർ ദേശീയ പതാകൾ നിർമ്മിച്ചെങ്കിൽ 2021-22ൽ ഇത് 10,457 കിലോമീറ്റർ ആയിരുന്നു.