ന്യൂഡല്‍ഹി: താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോഴല്ല, മറിച്ച് ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവുമധികം സന്തോഷിച്ചതെന്ന് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി അമ്മയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം ഓര്‍ത്തെടുക്കുകയായിരുന്നു മോദി. പ്രമുഖ സോഷ്യല്‍ മീഡിയ പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍.

‘ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട് ഞാന്‍ പ്രധാനമന്ത്രി ആയപ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന്. പക്ഷെ അപ്പോഴേക്കും മോദി തരംഗം ഉയര്‍ന്നിരുന്നു. എന്റെ ഫോട്ടോ ഒക്കെ എല്ലായിടത്തും പ്രിന്റ് ചെയ്തു വന്നിരുന്നു. പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷിച്ചത് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴാണെന്നു തോന്നുന്നു,’ മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു എന്ന് അറിയുന്ന സമയത്ത് താന്‍ ഡല്‍ഹിയിലായിരുന്നു താമസം എന്ന് മോദി പറയുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അഹമ്മദാബാദില്‍ പോയി അമ്മയെ കണ്ടു. മോദി അഹമ്മദാബാദില്‍ എത്തിയപ്പോഴാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഹീരാബെന്‍ മോദി അപ്പോഴേക്കും അറിഞ്ഞിരുന്നു തന്റെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്നുവെന്ന്.

‘പക്ഷെ അമ്മ എന്നെ ഒന്നു നോക്കി, പിന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, ‘നീ ഗുജറാത്തിലേക്ക് തിരിച്ചു വരുമല്ലോ, അതാണ് എനിക്ക് ഏറ്റവും സന്തോഷം,’ എന്ന്. അമ്മമാര്‍ അങ്ങനെയാണ്. ചുറ്റും നടക്കുന്നത് എന്തുതന്നെ ആയാലും അവര്‍ക്ക് മക്കള്‍ അടുത്തുണ്ടാവണം,’ മോദി പറഞ്ഞു.

എന്തു തന്നെ ചെയ്താലും ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആ പാപം ഒരിക്കലും ചെയ്യരുതെന്നാണ് തന്റെ അമ്മ അന്ന് പറഞ്ഞതെന്നും മോദി പറയുന്നു. ‘ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. കാരണം, ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ ജീവിച്ച ഒരു സ്ത്രീ, തനിക്ക് ആവശ്യമുള്ളതൊന്നും ലഭിക്കാത്തൊരാള്‍ അത്രയും വലിയൊരു നിമിഷത്തില്‍ പറഞ്ഞത് ഒരിക്കലും കൈക്കൂലി വങ്ങരുത് എന്നായിരുന്നു,’ മോദി പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ