ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനേക്കാള്‍ തനിക്ക് വലുത് രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചോ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അല്ല ബാലകോട്ടില്‍ ആക്രമണം നടത്തിയതെന്നും മോദി പറഞ്ഞു.
ഇന്ത്യ – പാക്കിസ്ഥാന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മള് ഒരുപാട് സമയം ചെലവഴിച്ചു. പാക്കിസ്ഥാന് അവരുടെ തന്നെ ചെയ്തികളാല്‍ ഇല്ലാതാകുമെന്നും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസ് മുന്നോട്ട് വച്ച മിനിമം വരുമാനം പദ്ധതിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം തൊട്ടേ നെഹ്റു – ഗാന്ധി കുടുംബം ദാരിദ്ര്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍, ദാരിദ്ര്യം കൂടുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു.
Read More: രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണു പോകരുത്: പ്രധാനമന്ത്രി
നെഹ്റു മുതലുള്ളവര്‍ ദാരിദ്ര്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരാണ്. നെഹ്റുവിന് ശേഷം അദ്ദേഹത്തിന്റെ മകളും പറഞ്ഞു ദാരിദ്ര്യം തുടച്ചുനീക്കുമെന്ന്. അതിനു പിന്നാലെ അവരുടെ മകന്. എന്നാല്‍, ദാരിദ്ര്യം തുടരുകയായിരുന്നു. ദാരിദ്ര്യം വളര്‍ന്നതിനൊപ്പം മുദ്രാവാക്യവും വളര്‍ന്നു. അതിനുശേഷം, നെഹ്റുവിന്റെ മകളുടെ മകന്റെ വിധവയും ഇതേ മുദ്രാവാക്യം 10 വര്‍ഷത്തോളം തുടര്‍ന്നു. ഇപ്പോഴിതാ, അവരുടെ മകനും. എന്നാല്‍, ദാരിദ്ര്യം തുടച്ചുനീക്കാന്‍ അവര്‍ക്കായില്ല.
അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ള ചിലര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. അധികാരത്തില്‍ എത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. രാജാവിനെയും മഹാരാജാവിനെയും അല്ല രാജ്യത്തിന് വേണ്ടത്. കാവല്‍ക്കാരനെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് ഉറപ്പാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.