ന്യൂഡല്‍ഹി: ആധാര്‍ അധിഷ്ടിത പണമിടപാട് സംവിധാനമായ ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രോത്സാഹന തുക പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഭീം ആപ്പില്‍ അംഗമാകുന്നവര്‍ക്കും മറ്റ് അംഗങ്ങളെ ആപ്പിലേക്ക് ചേര്‍ക്കുന്നവര്‍ക്കും 10 രൂപ വീതം ബോണസായി ലഭിക്കും. എത്ര തവണ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നുവോ അത്രയും വട്ടം 10 രൂപ വീതം ഉപയോക്താവിന്റെ അക്കൗണ്ടിലെത്തും.

ഭീം ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്തുന്ന കച്ചവടക്കാര്‍ക്കും ഓരോ ഇടപാടിനും ബോണസായ് തുക ലഭിക്കും. ഭീം ആപ്പ് ഉപയോഗത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ അടിമുടിമാറ്റാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്ത് മറ്റെവിടേയും ഇല്ലാത്തവിധം നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റല്‍ ഇടപാടുകളെ ഭീം ആപ്പ് ഉപയോഗത്തിലൂടെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയും. കറന്‍സിരഹിത ഇടപാടുകളെ ഉത്തേജിപ്പിക്കാനും കള്ളപ്പണത്തിനെതിരായുള്ള പോരാട്ടത്തിനും ഇത് സഹായകമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീം ആധാര്‍ ഡിജിറ്റല്‍ പോയ്മെന്റ് അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആപ്പിലൂടെ പ്ലാസ്റ്റിക് മണി, വിസാ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ കാര്‍ഡ് കമ്പനികള്‍, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയെ കവച്ച് വയ്ക്കാം എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡര്‍ മെഷീനും വാങ്ങേണ്ടി വരും.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാരനും ഉപയോക്താവിനും ആപ്പ് വേണം, ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്‍റെ വിവരവും ആപ്പില്‍ ചേര്‍ത്താണ് ഇടപാട് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ