ന്യൂഡൽഹി: പാക് പട്ടാളത്തിന്റെ വെടിയേറ്റ് രണ്ട് ഇന്ത്യൻ ജവാന്മാർ അതിർത്തിയിൽ കൊല്ലപ്പെട്ട അതേ സമയത്ത് സമാധാന സന്ദേശവുമായി 50 പാക്കിസ്ഥാൻ വിദ്യാർത്ഥികൾ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരത്തേ ഒപ്പുവച്ച വിദ്യാർത്ഥി കൈമാറ്റത്തിലൂടെ സമാധാനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ എത്തിയത്.

വാഗ അതിർത്തിയിലൂടെയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. തിങ്കളാഴ്ച രാവിലെ ഇന്ത്യയിലെത്തിയ വിദ്യാർത്ഥി സംഘം പിന്നീട് അമൃത്‌സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച ശേഷം വൈകിട്ട് ഡൽഹിയിലെത്തി. ഒരു വർഷത്തോളം ഇരു രരാജ്യങ്ങൾക്കുമിടയിലെ വിദ്യാർത്ഥികൾ പരസ്പരം കൈമാറിയ സൗഹൃദത്തിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരസ്പരം കത്തുകളയച്ചും, പോസ്റ്റ് കാർഡുകളയച്ചും സൗഹൃദം പങ്കിട്ടവർ അഞ്ച് ദിവസത്തെ സന്ദർശന കാലത്ത് തമ്മിൽ കാണും.

അതത് സ്കൂൾ പ്രിൻസിപ്പൽമാർക്കൊപ്പമാണ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയത്. റൂട്ട്സ്2റൂട്ട്സ് എന്ന സന്നദ്ധസംഘടനയാണ് ഈ പദ്ധതിക്ക് പിന്നിൽ. കഴിഞ്ഞ സെപ്തംബറിൽ നിശ്ചിച്ചിരുന്ന സന്ദർശനം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ മാറ്റിവയ്ക്കുകയായിരുന്നു.

“നേരത്തേ സുരക്ഷാ കാര്യത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. സമാധാനം മുൻനിർത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനാവില്ല. ഇന്ന് സ്ഥിതിയിൽ മാറ്റമുണ്ട്. പത്ത് മുതൽ പതിനാല് വയസ് വരെയുള്ള വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്.” സന്നദ്ധ സംഘടനയുടെ സ്ഥാപകൻ രാകേഷ് ഗുപ്ത വ്യക്തമാക്കി.

2014 ൽ ഇദ്ദേഹമൊത്ത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇന്ന് ഇന്ത്യയിലെ വിദ്യാർത്ഥി സുഹൃത്തുക്കളുമായി സംവദിച്ച ശേഷം പാക് സംഘത്തെ ഡൽഹിയിൽ വിവിധ സ്ഥലങ്ങൾ കാണാൻ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആഗ്രയിലാണ് ഇവരുടെ യാത്ര. മെയ് നാലിന് ഇവരെ പാക്കിസ്ഥാൻ എംബസി സ്വീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ