ഗുവാഹത്തി: മേഘാലയയിൽ കോവിഡ് ബാധിച്ചുമരിച്ച ഡോക്‌ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് പ്രദേശവാസികൾ വിലക്കിയത് വലിയ വിവാദമായി. ഡോക്‌ടറുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നത് പ്രദേശവാസികൾ തടഞ്ഞതോടെ സർക്കാർ വിഷയത്തിൽ ഇടപെട്ടു.
ബുധനാഴ്‌ചയാണ് മേഘാലയയിലെ പ്രമുഖ ഡോക്‌ടറും ബെതാനിയ ആശുപത്രിയുടെ സ്ഥാപകനുമായ 69 കാരൻ കോവിഡ് ബാധിച്ച് മരിച്ചത്. വെെറസ് പടരുമെന്ന് പേടിച്ച് പരിസരവാസികൾ മൃതദേഹം സംസ്‌കരിക്കുന്നതു വിലക്കുകയായിരുന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്‌മ അടക്കം വിഷയത്തിൽ ഇടപെട്ടു. പരിസരവാസികളുമായി സംസാരിച്ച ശേഷം ഒടുവിൽ സംസ്‌കാരചടങ്ങുകൾ നടത്തുകയായിരുന്നു.
Read Also: ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് ആവില്ല; കേന്ദ്രതീരുമാനം നിർണായകം
വീട്ടിൽ തന്നെ സംസ്‌കരിക്കാനാണു ഡോക്‌ടറുടെ കുടുംബാംഗങ്ങൾ ആഗ്രഹിച്ചത്. എന്നാൽ, പരിസരവാസികൾ അതിനെ എതിർത്തു. ഇതിനുപിന്നാലെ മേഘാലയയിലെ വിവിധ പള്ളി സെമിത്തേരികളിൽ സംസ്‌കാരചടങ്ങുകൾ നടത്താനുള്ള അനുമതി തേടുകയായിരുന്നു സർക്കാർ. ഒടുവിൽ ഒരു പള്ളി സെമിത്തേരിയിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരചടങ്ങുകൾ നടക്കുന്ന കാര്യത്തിൽ തീരുമാനമാകും വരെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു.
അതേസമയം, ഡോക്ടറുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അടുത്ത മൂന്ന് കുടുംബാംഗങ്ങൾ മാത്രമാണ് പള്ളിയിലെ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിലെ മറ്റ് പലർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് ബാധിതന്‍. നഗരത്തില്‍ രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകാണ്. ഡോക്ടറുമായി ഇടപഴകിയ 2000 പേരെ കണ്ടെത്തിയിട്ടുണ്ട്.