ന്യൂഡൽഹി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചു. പാർലമെന്റിൽ 350 ലധികം സീറ്റ് നേടുകയാണ് ഇത്തവണ ബിജെപിയുടെ ലക്ഷ്യം.

ഇതിൽ 150 സീറ്റുകൾ ബിജെപി ഇതുവരെ വിജയിക്കാത്ത മണ്ഡലങ്ങളാണ്. പ്രത്യേക ശ്രദ്ധ നൽകിയാണ് ബിജെപി ഈ സീറ്റുകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നത്. പാർട്ടി ശക്തിപ്പെടുത്താൻ ഓരോ സംസ്ഥാനത്ത് നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ഇതിനായി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ 8 കേന്ദ്രമന്ത്രിമാർ അടക്കം പങ്കെടുത്ത യോഗം ചർച്ച ചെയ്തു.

അഞ്ച് ലോക്‌സഭ സീറ്റുകൾ വീതം യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും സംസ്ഥാന മന്ത്രിമാർക്കും ചുമതല നൽകി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അഭിപ്രായങ്ങൾ സ്വരൂപിക്കാൻ ലക്ഷ്യമിട്ടാണ് അണിത് ഷാ മുന്നോട്ട് പോകുന്നത്. ഇതിനായി ഓരോ നാല് മാസത്തിനുള്ളിലും ഇത് സംബന്ധിച്ച് വിലയിരുത്തൽ നടത്തുമെന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട്.

വെസ്റ്റ് ബംഗാൾ, ആസാം, ഒഡിഷ, തമിഴ്നാട്, തെലങ്കാന, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനാണ് അമിത് ഷാ യുടെ നിർദ്ദേശം. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് 150 അധിക സീറ്റ് പാർട്ടി ലക്ഷ്യമിടുന്നത്.

വെസ്റ്റ് ബംഗാളിൽ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയ്ക്കും മനോജ് സിൻഹയ്ക്കുമാണ് ചുമതല. ആസാമിലെ പ്രവർത്തനങ്ങൾ രവി ശങ്കർ പ്രസാദ് മേൽനോട്ടം വഹിക്കും. കേരളത്തിന്റെ ചുമതല ധർമ്മേന്ദ്ര പ്രധാനാണ് നൽകിയിരിക്കുന്നത്. നിർമ്മല സീതാരാമന് കർണ്ണാടകവും പിയൂഷ് ഗോയലിന് തമിഴ്നാടിന്റെയും ചുമതല നൽകി. ഇവർ നിരന്തരം ഈ സംസ്ഥാനങ്ങൾ സന്ദർശിക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, വെസ്റ്റ് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ ജയസാധ്യതയുള്ള 115-120 സീറ്റുകൾ വരെയുണ്ടെന്ന് കഴിഞ്ഞ ബിജെപി കോർ കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ലോക്സഭ മണ്ഡലങ്ങളിലേക്ക് 2019 ലെ തിരഞ്ഞെടുപ്പ് വരെ 600 മുഴുവൻ സമയ പ്രവർത്തകർക്ക് ബിജെപി ചുമതല നൽകിയിട്ടുണ്ട്.

ഓരോ ലോക്സഭ മണ്ഡലങ്ങളും ഓരോ പ്രവർത്തകൻ വീതം സദാ സമയവും നിരീക്ഷിച്ച് കൊണ്ടിരിക്കും. ഹിന്ദി ഹൃദയഭൂമിയിൽ മുൻപ് നേടിയ ഭൂരിപക്ഷം അടുത്ത തവണ നിലനിർത്താനാവില്ലെന്ന വിലയിരുത്തലാണ് ബിജെപി നേതാക്കൾക്കുള്ളത്. മറ്റ് 150 സീറ്റുകളിൽ ഭൂരിപക്ഷം നേടി ഈ കുറവ് പരിഹരിക്കാനാണ് അമിത് ഷായുടെ ലക്ഷ്യം.

2014 ൽ ഉത്തർപ്രദേശ് ആകെയുള്ള 80 ൽ 72 സീറ്റും ബിജെപി വിജയിച്ചിരുന്നു. ഗുജറാത്ത്(26), രാജസ്ഥാൻ (25) എന്നിവിടങ്ങളിലെ മുഴുവൻ സീറ്റും ബിജെപി വിജയിച്ചിരുന്നു. ബീഹാറിൽ 40 ൽ 31, മഹാരാഷ്ട്രയിൽ 48 ൽ 42, മധ്യപ്രദേശിൽ 28 ൽ 25, ഹരിയാനയിൽ 10 ൽ 7 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ