scorecardresearch

Latest News

20 വർഷം കുംഭകോണത്ത് ഓട്ടോ ഡ്രൈവർ; ഇപ്പോൾ കോർപ്പറേഷന്റെ ആദ്യ മേയറായി ശരവണൻ

ഓട്ടോറിക്ഷയിലാണ് ശരവണൻ കുംഭകോണം കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ കുംഭകോണം കോർപ്പറേഷന്റെ ആദ്യ മേയറായി 42 വയസ്സുകാരനായ ഓട്ടോ ഡ്രൈവറായ കെ ശരവണൻ ചുമതലയേറ്റു. താൻ ഇപ്പോഴും ജനങ്ങളുടെ ഇടയിലാണെന്ന സന്ദേശം മുന്നോട്ടുവച്ച ശരവണൻ ഓട്ടോറിക്ഷയിൽ വെള്ളിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിൽ 20 എണ്ണത്തിന്റെ തലപ്പത്തേക്ക് പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മേയർ സ്ഥാനം കോൺഗ്രസിനും മാറ്റിവയ്ക്കുകയായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാൾക്ക് ഈ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ശരവണനെ ജോലിക്ക് തിരഞ്ഞെടുത്തു.

അടുത്തിടെ കോർപ്പറേഷനായി ഉയർത്തപ്പെട്ട കുംഭകോണത്തിന്റെ ആദ്യ മേയർ ആണ് ശരവണൻ. ക്ഷേത്രനഗരമായ കുംഭകോണകത്തെ 17-ാം വാർഡിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

പല പ്രമുഖ കോൺഗ്രസ് നേതാക്കളും ശരവണനെ അഭിനന്ദിക്കുകയും എളിമയുള്ള പശ്ചാത്തലത്തിൽ നിന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതിന് പാർട്ടി നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.

തന്നെ ഉന്നത സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതായി പാർട്ടി അറിയിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കവേ ശരവണൻ പറഞ്ഞു.

“തഞ്ചാവൂർ നോർത്ത് കോൺഗ്രസ് കമ്മിറ്റി ജില്ലാ നേതാവ് ടി ആർ ലോഗനാഥൻ എന്നോട് ജില്ലാ ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു, എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു. എനിക്ക് അത് സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നു. ഓഫീസിലെത്തിയപ്പോൾ അദ്ദേഹം എനിക്ക് ഉജ്ജ്വല സ്വീകരണം നൽകി: ‘സ്വാഗതം, കുംഭകോണത്തിന്റെ ആദ്യ മേയർ,’ എന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. മുതിർന്ന നേതാക്കളും പ്രവർത്തകരും ഉള്ളതിനാൽ ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ”ശരവണൻ പറഞ്ഞു.

“ഞാൻ ഒരു ഓട്ടോ ഡ്രൈവർ മാത്രമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പക്ഷേ മേയറാകാനുള്ള ഗുണങ്ങൾ എനിക്കുണ്ടെന്ന് ഞങ്ങളുടെ നേതാവ് പറഞ്ഞു. സാധ്യമായ എല്ലാ വഴികളിലും പാർട്ടി എന്നെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. പിന്നീട്, ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് കെ എസ് അഴഗിരി എന്നെ അഭിനന്ദിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വളിച്ചു, ഞാൻ ഉപജീവനത്തിനായി ശരിക്കും ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു, അതെ എന്ന് ഞാൻ പറഞ്ഞു. എനിക്ക് അവസരം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹത്തോട് കുംഭകോണത്തെ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും മികച്ചതാക്കാൻ ശ്രമിക്കുമെന്ന് ഞാൻ പറഞ്ഞു. എന്റെ നാമനിർദ്ദേശത്തിൽ രാഹുൽ ജിയും (രാഹുൽ ഗാന്ധി) സന്തുഷ്ടനാണെന്ന് ഞങ്ങളുടെ നേതാക്കൾ പറഞ്ഞു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പത്താംക്ലാസ് വരെ പഠിച്ച ശരവണനെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ മുത്തശ്ശനും മുത്തശ്ശിയും വളർത്തുകയായിരുന്നു. മുത്തച്ഛൻ ടി കുമാരസാമി 1976-ൽ കുംഭകോണം മുനിസിപ്പാലിറ്റി അംഗമായി സേവനമനുഷ്ഠിച്ചു. മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2002-ൽ ശരവണൻ കോൺഗ്രസിൽ ചേർന്നു. താമസിയാതെ വാർഡ് ലീഡർ സ്ഥാനത്തേക്കും പിന്നീട് മുനിസിപ്പാലിറ്റിയിലെ പാർട്ടിയുടെ ഉപനേതാവായും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

“എനിക്ക് 22 വയസ്സുള്ളപ്പോൾ ഞാൻ തഞ്ചാവൂർ നോർത്ത് കോൺഗ്രസ് കമ്മിറ്റി നേതാവിനെ കണ്ട് പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അന്നുമുതൽ ഞാൻ പാർട്ടിക്കൊപ്പമുണ്ട്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും രണ്ട് പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. നേതാവ് ലോകനാഥനാണ് എന്നെ രാഷ്ട്രീയം പഠിപ്പിച്ചത്. ഒഴിവുസമയങ്ങളിൽ അദ്ദേഹം എന്നെ ഓഫീസിലേക്ക് ക്ഷണിക്കുകയും പാർട്ടി കേഡർമാരോടും മറ്റ് മുതിർന്ന നേതാക്കളോടും സാധാരണക്കാരോടും എങ്ങനെ സംസാരിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ഭാര്യ ദേവിക്കും മൂന്ന് കുട്ടികൾക്കുമൊപ്പം തൂക്കംപാളയത്ത് വാടക വീട്ടിലാണ് ശരവണൻ രണ്ട് പതിറ്റാണ്ടായി ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നത്. നഗരത്തിലെ 48 വാർഡുകളിലെയും ആളുകളെ പരിചയപ്പെടാൻ സഹായിച്ചതായപം കുംഭകോണത്തിന്റെ ഓരോ മുക്കും മൂലയും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷം മുമ്പ് സ്വന്തമായി വാങ്ങിയ ഒരു ഓട്ടോറിക്ഷയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്.

മറ്റ് പലരെയും പോലെ, കോവിഡ് ശരവണന്റെ വരുമാനത്തെ ബാധിച്ചു. വാർഡ് മെമ്പർമാരുടെ സഹായത്തോടെ മാത്രമാണ് കൗൺസിലർ സ്ഥാനത്തേക്ക് നോമിനേഷൻ ഫയൽ ചെയ്യാൻ തനിക്ക് കഴിഞ്ഞതെന്ന് ശരവണൻ സമ്മതിച്ചു.

“എനിക്ക് പ്രതിദിനം 200-250 രൂപ ലഭിക്കും. ലോക്ക്ഡൗൺ എന്റെ ഉപജീവനമാർഗത്തെ പൂർണ്ണമായും ബാധിച്ചു. സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ആ യാത്രകളും എനിക്ക് നഷ്ടമായി. ആ സമയത്ത് എന്റെ പ്രദേശത്തുള്ളവർ എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ പോലും, ഈ വോട്ടെടുപ്പിൽ വിജയിക്കാൻ അവർ എന്നെ സഹായിച്ചു. സാധ്യമാകുമ്പോഴെല്ലാം ഞാൻ അവരെ സന്ദർശിക്കുന്നത് തുടരും, ”അദ്ദേഹം പറഞ്ഞു.

മേയർ എന്ന നിലയിലുള്ള തന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, ഭൂഗർഭ ഡ്രെയിനേജ് ജോലികൾ പൂർത്തീകരിക്കുന്നതിനും തകർന്ന റോഡുകൾ നന്നാക്കുന്നതിനും കുടിവെള്ള വിതരണം, തെരുവ് വിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശരവണൻ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: For 20 years an auto driver in tns kumbakonam saravanan is now its first mayor