വടക്കന്‍ തായ്‌ലാന്റില്‍ ഗുഹയ്ക്കുള്ളില്‍ കുടങ്ങി കിടക്കുന്ന ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലാണ് സംഭവം. 11നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളും പരിശീലകനും അടങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമമാണ് അഞ്ചാം ദിവസവും തുടരുന്നത്.
തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ഓച്ചാ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം ശരിയായി നടക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ കടന്നു പോകുന്നതാണ് ആശങ്ക കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടത്തില്‍ പെട്ട കുട്ടികളെ കണ്ടെത്താന്‍ എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളെ കണ്ടെത്താനാകാതെ അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഗുഹയ്ക്ക് സമാന്തരമായി പാത നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സൈന്യവും പൊലീസും. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും എത്തിയ തുരങ്ക നിര്‍മ്മാതാക്കളും മുങ്ങല്‍ വിദഗ്ധരും അടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഗുഹയ്ക്ക് സമാന്തരമായി ഏഴ് കിലോമീറ്ററോളം പാത നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോച്ചും കുട്ടികളും പരിശീലനത്തിനായി പോയത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹാമുഖത്ത് വെള്ളവും ചെളിയും അടിഞ്ഞ് കൂടിയതോടെയാണ് അവര്‍ അകത്ത് കുടുങ്ങിപ്പോയത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്ബോള്‍ ടീം ഉള്ളതെന്നാണ് വിവരം.