റിയോ ഡി ജനീറോ: ബ്രസീലിലുണ്ടായ വിമാനപകടത്തിൽ നാല് ഫുട്ബോൾ താരങ്ങൾക്കും ക്ലബ് പ്രസിഡന്റിനും ദാരുണാന്ത്യം. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മാസ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനമാണ് തകർന്നുവീണത്. നാലാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് പാൽമാസ്. റൺവേയിലൂടെ അതിവേഗം നീങ്ങിയ വിമാനം ഉയർന്നു പൊങ്ങുന്നതിനു മുൻപാടിയ വൻ ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.
കോവിഡ് ബാധിതരായ താരങ്ങൾക്കുവേണ്ടി പ്രത്യേകം ഒരുക്കിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടീമിലെ മറ്റ് താരങ്ങൾ മറ്റൊരു വിമാനത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് നാല് താരങ്ങൾക്ക് കോവിഡ് പോസിറ്റീവായത്. ഇവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കാനിരിക്കെയാണ് ദുരന്തം.
Read More: ചെമ്പടയെ തകർത്ത് ചെകുത്താന്മാർ; എഫ്എ കപ്പിൽ നിന്ന് ലിവർപൂൾ പുറത്ത്
ലുക്കാസ് പ്രാക്സിഡിസ്, ഗുൽഹേം നോ, മാർക് മൊളിനാരി, റാന്യൂൾ എന്നീ താരങ്ങൾക്ക് പുറമെ ക്ലബ് പ്രസിഡന്റ് ലൂകാസ് മേരയും പൈലറ്റും അപകടത്തിൽ മരിച്ചു. ആരെയും രക്ഷിക്കാനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അധികൃതർ അറിയിച്ചു.
റൺവേയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ക്രാഷ് സൈറ്റിൽ അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ വിമാനം തീപിടിക്കുകയായിരുന്നു. ഇരട്ട സ്ഫോടനം നടന്നതായി കരുതുന്നു. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇരട്ട എൻജിൻ ബാരോൺ മോഡലിന് ആറുപേരെ വരെ വഹിക്കാൻ ശേഷിയുള്ളതാണെന്ന് അധികൃതർ അറിയിച്ചു.