മോസ്‌കോ: റഷ്യയില്‍ ഞായറാഴ്‌ച വൈകിട്ടുണ്ടായ വിമാനദുരന്തത്തിനു കാരണം പൈലറ്റിന്റെ അനാസ്ഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോശമായ കാലാവസ്ഥ ഉണ്ടായിരുന്നത് അവഗണിച്ച് ഇടിമിന്നലുളള മേഘങ്ങള്‍ക്കിടയിലേക്കാണ് വിമാനം പറന്നുയര്‍ന്നത്. മിന്നല്‍പ്പിണരുകള്‍ കണ്ടതായി രക്ഷപ്പെട്ട യാത്രക്കാരും സാക്ഷ്യപ്പെടുത്തി. ഉയര്‍ന്നുപൊങ്ങിയ ഉടനെ വാലില്‍ തീകണ്ടതിനാല്‍ തിരക്കേറിയ ഷെറെമെറ്റിയേവോ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 41 പേര്‍ വെന്തുമരിച്ചിരുന്നു. അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 78 പേരാണു വിമാനത്തിലുണ്ടായിരുന്നത്‌.

ആഭ്യന്തര വിമാനമായ സുഖോയി സൂപ്പര്‍ജെറ്റ്‌-100 ന്റെ ദുരന്ത കാരണം സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. നേരിട്ടാണോ മിന്നലേറ്റതെന്നു പൈലറ്റ്‌ ഡെനിസ്‌ യെവദോകിമോവ്‌ വ്യക്‌തമാക്കിയിട്ടില്ല. മിന്നലിനെത്തുടര്‍ന്ന്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ യൂണിറ്റുമായുള്ള വാര്‍ത്താവിനിമയ ബന്ധം നിലച്ചതിനാല്‍ റേഡിയോ ഫ്രീക്വന്‍സിയിലൂടെ എമര്‍ജന്‍സി കണ്‍ടോള്‍ മോഡിനെ ആശ്രയിച്ചു. ഇതു പെട്ടെന്നു നിലച്ചതിനാല്‍ ഏതാനും വാക്കുകള്‍ മാത്രമേ സംസാരിക്കാനായുള്ളു. നിറയെ ഇന്ധനമുളളതിനാലാണ്‌ ഇറങ്ങുന്നതിനിടെ തീപടര്‍ന്നത്.

എന്നാല്‍ നിറയെ ഇന്ധനം ഉണ്ടായിരിക്കെ ഇന്ധനം കുറയ്ക്കാന്‍ കൂടിതല്‍ സമയം വട്ടമിട്ട് പറക്കാതെയാണ് പൈലറ്റ് വിമാനം താഴെ ഇറക്കിയത്. ഇതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തീയും പുകയും വിഴുങ്ങിയ വിമാനം അടിയന്തരമായി ഇറങ്ങുന്നതിന്റെയും റണ്‍വേയിലൂടെ പായുന്നതിന്റെയും വിമാനത്തിന് അകത്ത് നിന്നുളള ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. യാത്രക്കാരുടെ നിലവിളിയും രക്ഷപ്പെടാനുള്ള വെവ്രാളവും വിമാനത്തിനകത്തുനിന്നു ചിത്രീകരിച്ച ദൃശ്യത്തിലുണ്ട്‌.

ഇതിനിടെ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ്‌ കണ്ടെടുത്ത്‌ അന്വേഷകര്‍ക്കു കൈമാറിയതായി റഷ്യന്‍ എമര്‍ജെന്‍സി സര്‍വീസ്‌ അറിയിച്ചു. മിന്നലിന്റെ വെള്ളിവെളിച്ചം കണ്ടതായി യാത്രക്കാരനായ ദിമിത്രി ക്ലെബുഷ്‌കിന്‍ പറഞ്ഞു. പൊങ്ങിയ ഉടനെയാണു വിമാനത്തിനു മിന്നലേറ്റതെന്ന്‌ മറ്റൊരു യാത്രക്കാരനായ പ്യോട്ടര്‍ എഗോറോവ്‌ പറഞ്ഞു.

സുരക്ഷാപാളിച്ചയുടെ പേരില്‍ റഷ്യയുടെ ദേശീയ വിമാനസര്‍വീസായ എയറോഫ്‌ളോട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പു വരെ കുപ്രസിദ്ധമായിരുന്നു. എന്നാല്‍, അടുത്തകാലത്തെങ്ങും ദുരന്തമുണ്ടായിട്ടില്ലാത്തതിന്റെ ആശ്വാസത്തിലായിരുന്നു ഭരണകൂടവും. കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറില്‍ 100 സൂപ്പര്‍ജെറ്റ്‌ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ദുരന്തം വീണ്ടും സര്‍വീസിനു കളങ്കമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook